പുറത്തേക്ക് നോക്കിയപ്പോൾ അന്ത്യവിധിദിനം പോലെ കാണപ്പെട്ടു, ഏത് സമയമാണ് ഇതെന്നുപോലും അദ്ഭുതപ്പെട്ടു; ലോകാവസാനം പോലെ തോന്നി’; കലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നഗരം മുഴുവൻ രാത്രിയോ പകലോ എന്നറിയാത്ത അവസ്ഥയിൽ

 പുറത്തേക്ക് നോക്കിയപ്പോൾ അന്ത്യവിധിദിനം പോലെ കാണപ്പെട്ടു, ഏത് സമയമാണ് ഇതെന്നുപോലും അദ്ഭുതപ്പെട്ടു; ലോകാവസാനം പോലെ തോന്നി’; കലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നഗരം മുഴുവൻ രാത്രിയോ പകലോ എന്നറിയാത്ത അവസ്ഥയിൽ

കലിഫോർണിയ:  മൂന്നാഴ്ചയായി വടക്കൻ കലിഫോർണിയയിൽ പടർന്നു പിടിക്കുന്ന കാട്ടുതീ വൻ നാശമാണു വിതയ്ക്കുന്നത്. നിരവധി പേരാണ് ഈ പ്രദേശങ്ങളിൽനിന്നു പലായനം ചെയ്യുന്നത്.  കാട്ടുതീയിൽ നഗരം മുഴുവൻ ഇപ്പോൾ രാത്രിയോ പകലോ എന്നറിയാത്ത അവസ്ഥയിലാണ്.കാട്ടുതീയുടെ അനന്തരഫലമായി പുകപടലങ്ങളും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ഒരു ദിവസം ഇളം മഞ്ഞ നിറത്തിലാണ് ആകാശം കാണപ്പെട്ടതെങ്കിൽ അടുത്ത ദിവസം അത് കടും ഓറഞ്ച് നിറത്തിൽ. കലിഫോർണിയയിൽ മാത്രമല്ല ചുറ്റുമുള്ള പ്രധാന നഗരങ്ങളിലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സൂര്യനെ പോലും മറച്ച് ഓറഞ്ചും ചുവപ്പും നിറത്തിൽ കത്തി ജ്വലിച്ചു നിൽക്കുകയാണ് ആകാശം.

‘പുറത്തേക്ക് നോക്കിയപ്പോൾ അന്ത്യവിധിദിനം പോലെ കാണപ്പെട്ടു. ഏത് സമയമാണ് ഇതെന്നുപോലും അദ്ഭുതപ്പെട്ടു. ലോകാവസാനം പോലെ തോന്നി’– വീട്ടിൽനിന്നു നോക്കുമ്പോൾ കാണുന്ന കാഴ്ച എന്തെന്ന് ഒരു രാജ്യാന്തര ചാനലിനോട് ഓക്‌ലൻഡ് നിവാസി വിവരിച്ചതാണിത്.

കലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയിൽ മൂന്നു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഇവിടെനിന്നു മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. വീടുകൾ അടക്കമുള്ള ആയിരത്തോളം കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായാണു വിവരം.

ഇടിമിന്നലും ശക്തമായ കാറ്റും മൂലം സ്ഥിതി വഷളാകുകയാണ്. റോഡുകളിൽ തീപടരുകയും നിരവധി വീടുകളിലെ ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.