കരിപ്പൂർ അപകടത്തിൽ നിന്നു മുക്തനായി രണ്ടാം ജന്മം നേടി, പരമേശ്വരന് നാളെ കല്യാണം

പട്ടാമ്പി: കൊവിഡ് ദുരന്തത്തിലും രാജമല മണ്ണിടിച്ചിലിലും മനസ്സ് തകര്‍ന്നിരുന്ന മലയാളികളുടെ ഇടയിലേക്ക് ഇടിത്തീപോലെയാണ് ആ വാര്‍ത്ത എത്തിയത്. കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴ്ച്ചയിലേക്ക് വീണു. പൈലറ്റ് തല്‍ക്ഷണം മരിച്ചു. യാത്രക്കാരെല്ലാം ഗുരുതരാവസ്ഥയില്‍. ഇതായിരുന്നു വിമാന ദുരന്തം നടന്നയുടന്‍ പുറത്തു വന്ന വിവരം. പിന്നീട് പൈലറ്റിന് പിന്നാലെ 18 ജീവന്‍ കൂടി പൊലിഞ്ഞു.
വിമാനാപകടത്തിന്റെ നടുക്കത്തിൽ നിന്നു മുക്തനായി പുതിയ ജീവിതത്തിലേക്കു കാലൂന്നുകയാണു പട്ടാമ്പി മുതുതല സ്വദേശി പരമേശ്വരൻ അഴകത്ത്. നാളെ നടക്കുന്ന വിവാഹത്തോടെ തൃശൂർ ഒല്ലൂക്കര സ്വദേശിനി ശിശിര വാസുദേവന്റെ കൈപിടിച്ചാണ് ഇനിയുള്ള യാത്ര. മേയ് 24നാണ് ദുബായിൽ പ്ലാനിങ് എൻജിനീയറായി ജോലി ചെയ്യുന്ന പരമേശ്വരന്റെയും ശിശിരയുടെയും വിവാഹം തീരുമാനിച്ചിരുന്നത്.
കോവിഡ് മൂലം യാത്ര മുടങ്ങിയതോടെ സെപ്റ്റംബർ 10 ലേക്കു മാറ്റി. എന്നാൽ, കല്യാണത്തിനായി നാട്ടിലേക്കു വരവേ ഓഗസ്റ്റ് 7നു കരിപ്പൂർ വിമാനാപകടത്തിൽ പരമേശ്വരനും ഏട്ടൻ രവിശങ്കർ, ഭാര്യ താര രവിശങ്കർ, മകൾ അയന രവിശങ്കർ എന്നിവർക്കു പരുക്കേറ്റു. ഒരു തവണ നീട്ടിവച്ച കല്യാണം വീണ്ടും മാറ്റേണ്ടെന്നു രണ്ടു വീട്ടുകാരും തീരുമാനിച്ചതോടെ പട്ടാമ്പിയിലെ വീട്ടിൽ കതിർമണ്ഡപമൊരുങ്ങി.
കല്യാണം ആദ്യം തൃശൂരിൽ നടത്താൻ തീരുമാനിച്ചെങ്കിലും ഏട്ടൻ രവിശങ്കറിനു യാത്ര ചെയ്യാൻ പ്രയാസമുള്ളതിനാൽ പട്ടാമ്പിയിലെ വീട്ടിൽത്തന്നെ കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു.