കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ ഡോക്ടർ വന്നില്ല, നഴ്‌സിനെയും അയച്ചില്ല; യുവതി വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു. ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സർക്കാർ ആശുപത്രിയിലെ ഡോക്ടർ സമയത്ത് എത്തിയില്ലെന്ന പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
വ്യാഴാഴ്ച രാവിലെ സമീറക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും വീട്ടിൽ വെച്ച് തന്നെ പ്രസവം നടക്കുകയായിരുന്നു. എട്ടാം മാസത്തിലാണ് പ്രസവവേദനയെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ ഉടൻതന്നെ പാനൂർ സി.എച്ച്.സിയിൽ എത്തി ഡോക്ടറോട് വിവരം പറഞ്ഞെങ്കിലും വരാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് വാക്കു തർക്കവും ബഹളവും ഉണ്ടായി.
ബഹളത്തെതുടർന്നെത്തിയ പൊലീസ് നിർദേശിച്ചിട്ടും കോവിഡ് നിബന്ധനകൾ ചൂണ്ടിക്കാട്ടി ഡോക്ടർ വീട്ടിലേക്ക് വരാൻ തയ്യാറായില്ലെന്ന് വീട്ടുകാർ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ വീടുകളിൽ പോയി പരിശോധന നടത്താറില്ലെന്നാണ് ഡോക്ടർ അറിയിച്ചത്. നഴ്സിനെ അയക്കാൻ പോലും ഡോക്ടർ തയ്യാറായില്ലെന്ന് വിട്ടുകാർ പറഞ്ഞു. പിന്നീട് സ്വകാര്യ ക്ലിനിക്കിൽ നിന്നും നേഴ്സുമാർ എത്തി പൊക്കിൾകൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.