അഹാനയില്‍ തുടങ്ങി ഇഷാനി വരെ; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് യുട്യൂബ് പ്ലേ ബട്ടണ്‍-അപൂര്‍വ്വം!

യൂട്യൂബ് എന്നാല്‍ കൃഷ്ണകുമാറിനും കുടുംബത്തിനും സർഗാത്മകതയുടെയും കഥ പറച്ചിലിന്റെയും ഇടം കൂടിയാണ്. ലോക്ക്ഡൗണിൽ ഒന്നും ചെയ്യാനില്ലെന്ന് പലരും വിലപിക്കുമ്പോൾ വീട്ടിൽ തന്നെയിരുന്ന് നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ഇവര്‍. അതിന് പ്രതിഫലമായി വീട്ടിലെത്തിയത് യൂട്യൂബിന്റെ നാല് പ്ലേ ബട്ടണുകൾ.
ആദ്യം യൂട്യൂബ് ചാനൽ തുടങ്ങിയതും ആദ്യത്തെ സിൽവർ ബട്ടൺ ലഭിച്ചതും അഹാനക്കാണ്. പിന്നാലെ ദിയയും ഹൻസികയും ഇഷാനിയും കൂടി ഈ നേട്ടം കരസ്ഥമാക്കിയതോടെ ഒരു കുടുംബത്തിലെ നാല് പേർക്ക് യൂട്യൂബ് പ്ലേ ബട്ടൺ എന്ന അപൂർവത കൃഷ്ണകുമാറിന്റെ കുടുംബത്തെ തേടിയെത്തി.
”യൂട്യൂബ് ചാനൽ ചാനൽ കുറേ നാളായി ഉണ്ടെങ്കിലും ലോക്ക്ഡൗൺ കാലത്താണ് സജീവമായത്. ഗ്രൂപ്പ് ആയി ചെയ്യുന്ന വിഡിയോകൾ ഒഴികെ എല്ലാവരും ഓരോരുത്തരുടെയും വിഡിയോകൾ എഡിറ്റ് ചെയ്യുന്നതും കണ്ടന്റ് കണ്ടെത്തുന്നതുമൊക്കെ സ്വന്തമായി തന്നെയാണെന്നു പറയുന്നു അഹാന. ‘എല്ലാവരും എഡിറ്റിങ്ങ് അറിഞ്ഞിരിക്കണം, വിഡിയോകൾ സ്വന്തമായി ചെയ്യണം എന്നൊക്കെ എനിക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. ഓരോ ചാനലിനും അവരവരുടേതായ വ്യക്തിമുദ്ര ഉണ്ടായിരിക്കണം.
അല്ലെങ്കിൽ എല്ലാ ചാനലും ഒരുപോലെയുണ്ടാകും. ഏറ്റവും വേഗത്തിൽ വിഡിയോ ചെയ്യുന്നത് ദിയ ആണ്. ഹൻസികയും വേഗത്തിലാണ് ചെയ്യുന്നത്. പെർഫെക്ഷനിൽ വലിയ നിർബന്ധങ്ങളൊന്നും ദിയക്കില്ല. എഡിറ്റിങ്ങ് ഒക്കെ വളരെ വേഗത്തിൽ തീർക്കും. കൂടുതൽ സമയമെടുത്ത് ചെയ്യുന്നത് ഇഷാനിയാണ്. എന്നും വിഡിയോ ചെയ്യുന്നത് എനിക്കിഷ്ടമല്ല. രണ്ടാഴ്ച കൂടുമ്പോഴായിരിക്കും വിഡിയോ അപ്‍ലോഡ് ചെയ്യുന്നത്…” അഹാന പറഞ്ഞു.
”അച്ഛനും അമ്മയും സോഷ്യല്‍ മീഡിയയിൽ സജീവമായിരുന്നു. അമ്മ ഇൻസ്റ്റഗ്രാം സ്റ്റോറികളൊക്കെ സ്ഥിരമായി ഇടാറുണ്ട്. ഞങ്ങൾ മക്കൾ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ വ്ലോഗിങ്ങിനെക്കുറിച്ചും അവർക്ക് ധാരണ കിട്ടി. അതുകൊണ്ട് യൂട്യൂബ് വിഡിയോകൾ ചെയ്യുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല…”
”യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ വരുമാനം കിട്ടുമെന്നാണ് പലരുടെയും ധാരണ. പണം കിട്ടുന്ന പ്ലാറ്റ്ഫോം തന്നെയാണ്. ഒരു മില്യൻ വ്യൂ ഒക്കെ കിട്ടിയാൽ അഞ്ച് ലക്ഷം കിട്ടുമെന്നാണ് ഞാനും പണ്ട് കരുതിയിരുന്നത്. പക്ഷേ അങ്ങനെയല്ല. എല്ലാ വിഡിയോകളിൽ നിന്നും ലഭിക്കുന്ന വരുമാനം വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോഴത്തെ ആഗോള സാഹചര്യത്തില്‍ യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം മുൻപത്തേതിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുമുണ്ട്.
ഒരുപാട് കാഴ്ചക്കാർ ഉണ്ടാകണം, പണം ലഭിക്കണം എന്നൊക്കെയുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള അധ്വാനവും ഓരോ വിഡിയോക്കും ആവശ്യമാണ്. ചിലരൊക്കെ പണത്തിനു വേണ്ടിയായിരിക്കില്ല വിഡിയോകൾ ചെയ്യുന്നത്. പിന്നെ, നമ്മൾ ഒരു ജോലി ചെയ്തിട്ട് അതിൽ നിന്നും ഒരു 500 രൂപയെങ്കിലും കിട്ടിയാൽ സന്തോഷമുള്ള കാര്യമല്ലേ?”
റമ്പൂട്ടാന്‍ വിഡിയോയെപ്പറ്റി പറയുകയാണെങ്കിൽ, ചാനൽ തുടങ്ങിയപ്പോൾ തന്നെ അത് പഴുക്കാന്‍ കാത്തിരിക്കുകയായിരുന്നു. ചില വിഡിയോകൾ അത്തരത്തിൽ മുൻകൂട്ടി പ്ലാന്‍ ചെയ്യാറുണ്ട്. ചില ആശയങ്ങൾ പെട്ടെന്ന് മനസിലേക്ക് വരുന്നതായിരിക്കും. മറ്റു ചിലത് ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരിക്കും. അതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ല”.
അഹാന പഠിച്ചത് വിഷ്വൽ കമ്മ്യൂണിക്കേഷനാണ്. മറ്റു കുട്ടികളെ എഡിറ്റിങ്ങും മറ്റ് സാങ്കേതിക കാര്യങ്ങളും പഠിപ്പിച്ചത് അവളാണ്. മക്കളുടെ ജോലി കൂടിയാണ് ഇത്. അത് തടസപ്പെടുത്താന്‍ പാടില്ലല്ലോ. ഇതൊക്കെയാണെങ്കിലും മറ്റ് മാതാപിതാക്കളെ പോലും ഞാനും ഇടക്ക് അവരെ വഴക്ക് പറയാറുണ്ട്. ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന ജോലിയായതുകൊണ്ടു തന്നെ ഒരുപാട് നേരം വ്ലോഗിങ്ങിനു വേണ്ടി അവർ ചെലവഴിക്കാറുണ്ട്.
ഇടക്കിടെ കുറച്ചുനേരത്തേക്ക് നിര്‍ത്ത്, എക്സർസൈസ് ചെയ്യൂ എന്നൊക്കെ ഉപദേശിക്കാറുണ്ട്. എന്നിരുന്നാലും ഇത് അവർക്കൊരു വരുമാനമാർഗമാണ്. പക്ഷേ, പലരും കരുതുന്നതു പോലെ എളുപ്പമല്ല. ഒരു വ്ലോഗ് ചെയ്താൽ ലക്ഷങ്ങള്‍ കയ്യിലേക്ക് കിട്ടില്ല. പതിയെപ്പതിയെ എനിക്കും ഇതിൽ താത്പര്യം തോന്നിത്തുടങ്ങിയപ്പോൾ ഞാനും കൂടുതൽ അറിയാനും പഠിക്കാനും ശ്രമിച്ചു.
ഈ പുതിയ നേട്ടത്തിൽ സന്തോഷവാനാണ്. ദൈവാനുഗ്രഹവും ഞങ്ങളുടെ വിഡിയോ കണ്ട് പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരുടെ പിന്തുണയും കൂടി ഈ നേട്ടത്തിനു കാരണമാണ്. അവരൊടെല്ലാവരോടും നന്ദി പറയുന്നു”.കൃഷ്ണകുമാര്‍ പറഞ്ഞു.