ഖമറുദ്ദീൻ ഫാഷൻ ഗോൾഡ്‌ തുടങ്ങിയത് തന്റെ ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ ജീവനക്കാരെ ബന്ദിയാക്കി കവര്‍ന്ന 13 കോടിയുടെ സ്വര്‍ണം കൊണ്ട്; ഗുരുതര ആരോപണവുമായി ജ്വല്ലറി ഉടമ

 ഖമറുദ്ദീൻ ഫാഷൻ ഗോൾഡ്‌ തുടങ്ങിയത് തന്റെ ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ ജീവനക്കാരെ ബന്ദിയാക്കി കവര്‍ന്ന 13 കോടിയുടെ സ്വര്‍ണം കൊണ്ട്;  ഗുരുതര ആരോപണവുമായി ജ്വല്ലറി ഉടമ

കണ്ണൂർ:  മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ ചെയര്‍മാനായുള്ള ജ്വല്ലറിക്കെതിരെ 20 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച ആളുകളാണ് പരാതിയുമായെത്തുന്നത്.

എം.സി ഖമറുദ്ദീന്‍ ചെയര്‍മാനായി 2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, നുജൂം ഗോള്‍ഡ് എന്നീ കമ്ബനികളായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) മുമ്ബാകെ രജിസ്റ്റര്‍ ചെയ്തതായും, ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആര്‍ഒസിയില്‍ സമര്‍പ്പിക്കണമെന്ന നിബന്ധന നിലനില്‍ക്കെ 2017 മുതല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇതിനിടെ എംസി ഖമറുദ്ദീൻ എം എൽ എ ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ.  തന്റെ ജ്വല്ലറിയിൽ നിന്നും കവർന്ന 25 കിലോസ്വർണ്ണം കൊണ്ടാണ് കമറുദ്ദീൻ ഫാഷൻ ഗോൾഡ്‌തുടങ്ങിയത്. പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ട് വന്നാണ് ഖമറുദീൻ മർജാൻ ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്നത്. 2007 ഒക്ടോബർ 26 നായിരുന്നു സംഭവം. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഹനീഫ ആരോപണവുമായി രംഗത്തുവന്നത്.

ഇന്നത്തെ വിപണിയിൽ 13 കോടിയോളം രൂപ വില വരുന്ന സ്വർണമായിരുന്നു ഖമറുദ്ദീനും സംഘവും കവർന്നത്’ .ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വർണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവർന്നിരുന്നു. ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.

ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദ്ദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്ത് തീർപ്പാക്കുന്നതിന് വേണ്ടി ഖമറുദ്ദീൻ 1700000 രൂപയ്ക്ക് ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു.

എന്നാൽ പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദ്ദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു. ജ്വല്ലറി കൊള്ളയെ തുടർന്ന് സാമ്പത്തിമായി തകർന്ന ഹനീഫ പിന്നീട്‌ മർജാൻ ജ്വല്ലറിഅടച്ച് പൂട്ടി , സ്വർണ്ണകച്ചവടം തന്നെ അവസാനിപ്പിച്ചു. കൈരളി ന്യൂസിനോടായിരുന്നു ഹനീഫയുടെ വെളിപ്പെടുത്തൽ.