പാടശേഖരത്തിൽ നിന്ന ഒൻപത് മാസം ഗർഭിണിയായ എരുമയോട് കൊടുംക്രൂരത;  ശരീരത്തിൽ ടാർ ഉരുക്കിയൊഴിച്ചു

 പാടശേഖരത്തിൽ നിന്ന ഒൻപത് മാസം ഗർഭിണിയായ എരുമയോട് കൊടുംക്രൂരത;  ശരീരത്തിൽ ടാർ ഉരുക്കിയൊഴിച്ചു

കോട്ടയം: കുമരകത്ത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതയാണ് മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധര്‍ ചെയ്തത്.പാടശേഖരത്തിൽ നിന്ന 9 മാസം ഗര്‍ഭിണിയായ എരുമയുടെ ശരീരത്തില്‍ ടാര്‍ ഉരുക്കി ഒഴിക്കുകയായിരുന്നു. കുമരകത്താണ് സംഭവം. ഉടമ ചെമ്പോടിത്തറയിൽ ഷിബു ജോസഫ്, മൃഗഡോക്ടർ തുടങ്ങിയവർ രണ്ടു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് എരുമയുടെ ശരീരത്തിൽ നിന്നും ടാർ നീക്കം ചെയ്തത്. ശരീരമാസകലം ടാറിൽ മുങ്ങിയതോടെ അസ്വസ്ഥയും, ക്ഷീണിതയുമായാണ് എരുമ നിന്നിരുന്നത്.

ടാർ ഉരുകി ശരീരത്തിൽ പിടിച്ചതിനാൽ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ എരുമയ്ക്കു സാധിച്ചിരുന്നില്ല. എരുമയെ കെട്ടിയിരുന്ന സ്ഥലം മുഴുവനും ടാർ നിറഞ്ഞിരിക്കുകയാണ്. തുടർന്ന് ഉടമ മൃഗഡോക്ടറെ വിവരം അറിയിച്ചു. ഡോക്ടർ സ്ഥലത്ത് എത്തിയ ശേഷം മണ്ണെണ്ണയും, സോപ്പ് വെള്ളവും ഉപയോഗിച്ച് എരുമയുടെ ശരീരത്തിൽ നിന്നും ടാർ നീക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ എരുമയുടെ ശരീരത്തിൽ ടാർ ഒഴിച്ചതെന്നാണ് സംശയിക്കുന്നത്. രാത്രിയിൽ റോഡരികിലെ പാടശേഖരത്തിലാണ് എരുമയെ കെട്ടുന്നത്. ഇന്നലെ ഉച്ചയോടെ ഉടമയായ ഷിബു ജോസഫ് എരുമയുടെ അടുത്ത് എത്തിയപ്പോഴാണ് വാൽ അനക്കാനാവാതെ ശരീരത്തോട് ചേർന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നതായി കണ്ടത്.