കൊവിഡിനെ തുരത്താന്‍ പശുവിന്റെ ചാണകമുപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കും ഗോമൂത്ര സാനിറ്റൈസറും!

 കൊവിഡിനെ തുരത്താന്‍ പശുവിന്റെ ചാണകമുപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കും ഗോമൂത്ര സാനിറ്റൈസറും!

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഇനി പശുവിന്റെ ചാണകമുപയോഗിച്ച് നിര്‍മിക്കുന്ന മുഖാവരണവും ഗോമൂത്രമുപയോഗിച്ച് നിര്‍മിക്കുന്ന സൈനിറ്റൈസറും. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേ​ന്ദ്ര സർക്കാർ സ്ഥാപനമായ രാഷ്ട്രീയ കാമധേനു ആയോഗാണ് ചാണകം, ഗോമൂത്രം എന്നിവയുയോഗിച്ച് നിര്‍മിക്കാൻ ഒരുങ്ങുന്നത്.

ഈ രണ്ട് ഉത്പന്നങ്ങളും കോവിഡ് പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ്ഭായ് കതിരിയ വ്യക്തമാക്കി. ഒരു വെബ്ബിനാറില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

കാമധേനു ആയോഗിന് കീഴിലുള്ള വനിതാ സംഘടനയായ കാമധേനു ദിവ്യൗഷധി മഹിളാ മണ്ഡലിയാണ് സാനിറ്റൈസര്‍ നിർമിക്കാനൊരുങ്ങുന്നത്. ഗോ സെയ്ഫ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഗോ പ്രൊട്ടക്റ്റ് എന്ന പേരില്‍ സര്‍ഫെയ്‌സ് സാനിറ്റൈസറിന്റെ നിര്‍മാണം തുടങ്ങിയിരുന്നു. ഗോ ക്ലീന്‍ എന്ന പേരില്‍ ശുചീകരണ ലായനിയും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.

ഗോമൂത്രം സംസ്‌കരിച്ച് കിട്ടുന്ന പൗഡര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കാപ്‌സ്യൂള്‍ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് കതിരിയ പറയുന്നു. ചാണകത്തില്‍ നിന്ന് ഫെയ്‌സ് മാസ്‌ക്കുകളും ബാഗുകളും മറ്റും നിര്‍മിക്കുന്ന സംരംഭങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. പശുവിനെ സമ്പത്തുമായി കൂട്ടിയോജിപ്പിക്കുന്നതിനൊപ്പം ഇത്തരം സംരഭങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിനും ഉതകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പശുവിന്‍ ചാണകം ഉപയോഗിച്ച് നിര്‍മിച്ച ഗണേശ വിഗ്രഹം ഏതാണ്ട് ഒരു ലക്ഷത്തോളമാണ് വിറ്റുപോയത്. ഇത്തരത്തിലുള്ള സ്വയം തൊഴില്‍ ചെയ്യുന്നതിനായി ആയിരത്തോളം ക്ഷീര കര്‍ഷകര്‍ക്കും ഇത്തരം മേഖലയിലേക്ക് കടന്നുവരാന്‍ താത്പര്യമുള്ളവര്‍ക്കുമായി കാമധേനു ആയോഗ് പരിശീലനം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

നേരത്തെ രാജസ്ഥാനില്‍ നിന്നുള്ള മറ്റൊരു കമ്പനി ചാണകം സംസ്‌കരിച്ചെടുത്ത പേപ്പര്‍ ഉപയോഗിച്ച് നിര്‍മിച്ച മുഖാവരണം വിപണിയിലിറക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ മാസ്‌ക്കായിരുന്നു അവര്‍ നിര്‍മിച്ചത്.