എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണൻ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ് !

 എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണൻ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ് !

കൃഷ്ണ ഭക്തിയെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് ഡോ. സുജാകാർത്തികയ്ക്ക്.  കണ്ണന്റെ മായാലീലകളെ കുറിച്ചോർക്കാൻത്തന്നെ രസമാണ്. ഗുരുവായൂരിൽച്ചെന്ന് ക്യൂ നിന്ന് നടയിലെത്തി തൊഴുതു പുറത്തിറങ്ങിയാൽ ആ മായക്കണ്ണൻ തിരുനടയിൽക്കണ്ട കാഴ്ചകളെല്ലാം മനസ്സിൽ നിന്നങ്ങു മായ്ച്ചു കളയും. എത്രവട്ടം പോയാലും ഈ അനുഭവമങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.

അഷ്ടമി രോഹിണിക്ക് കൃഷ്ണവേഷം കെട്ടിയിട്ടില്ല. പക്ഷേ നൃത്തത്തിനുവേണ്ടി ഒന്നിലധികം പ്രാവശ്യം കൃഷ്ണനായി ഒരുങ്ങിയിട്ടുണ്ട്. കുട്ടിക്കാലത്തായതുകൊണ്ട് അത് എനിക്കധികം ഓർമയില്ല. ആ വേഷത്തിൽ ശരിക്കും ഉണ്ണിക്കണ്ണനെ പോലെയുണ്ടായിരുന്നു ഞാനെന്ന് അമ്മയൊക്കെ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയുമാണ് എന്റെ കുട്ടികളെയും ജന്മാഷ്ടമി ദിനത്തിൽ കൃഷ്ണന്മാരായി ഒരുക്കിയിട്ടുള്ളത്. ചെറിയ കുട്ടികളെ കൃഷ്ണ വേഷത്തിൽ കാണാൻ എന്തു രസമാണ്.

ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ് ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതൽ തവണ നൃത്തം ചെയ്തത് കൃഷ്ണാ നീ ബേഗനേ… എന്ന കീർത്തനത്തിനാണ്. ഗുരുവായൂരപ്പനു മുന്നിൽ രണ്ടു തവണ ഈ കീർത്തനത്തിനു ചുവടുവയ്ക്കാൻ കഴിഞ്ഞു. ആ നൃത്തം ചെയ്യുമ്പോൾ കൃഷ്ണനെ എന്റെയൊപ്പം കാണാൻ പറ്റാറുണ്ട്. ആ പെർഫോമൻസ് കണ്ട ചിലരും അങ്ങനെ ഫീൽ ചെയ്തതായി പറഞ്ഞിട്ടുണ്ട്. ആ കീർത്തനം എപ്പോൾ കേട്ടാലും ‍ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണൻ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്.

ഞാൻ ജനിച്ചത് വൈക്കത്താണ്. വളർന്നത് എറണാകുളത്തും. രണ്ടിടത്തെയും ദേശനാഥൻ മഹാദേവനാണ്. ബഹുമാനം കലർന്ന ഒരു ഭക്തിയാണെനിക്ക് ശിവഭഗവാനോട്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ വൈക്കത്തപ്പാ എന്നാണ് ഞാനെപ്പോഴും വിളിക്കാറ്. എന്റെ വിവാഹം എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ഭക്തരാണ്. എന്റെ ഭർത്താവിന്റെ വിളിപ്പേര് കിച്ചു എന്നാണ്.

ചിലപ്പോൾ തോന്നും അമ്മയെയോ ഭർത്താവിനെയോ വിളിക്കുന്നതിലും കൂടുതൽ പ്രാവശ്യം ഞാൻ വിളിക്കുന്നത് വൈക്കത്തപ്പാ എന്നാണെന്ന്. അധികം തിരക്കില്ലാത്ത അമ്പലങ്ങളിൽ വൈകിട്ടു ദീപാരാധന തൊഴുന്നതിനെക്കുറിച്ചൊക്കെ ഭർത്താവ് എപ്പോഴും പറയും. ആ സമയങ്ങളിലെ ക്ഷേത്രദർശനം നമ്മളിൽ നിറയെ പോസിറ്റീവ് എനർജി നിറയ്ക്കും. അവിടുത്തെ ആർക്കിടെക്ച്ചർ പോലും നമ്മുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറയാറുണ്ട്. അത് ശരിയാണ്. നമ്മളിലെ എല്ലാ നെഗറ്റീവ് എനർജികളെയും ദൂരെയകറ്റാൻ അത്തരം ക്ഷേത്രസന്ദർശനങ്ങൾ കൊണ്ട് കഴിയാറുണ്ട്.

മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുവാനും ഏറെയിഷ്ടമാണ്. അവിടെ നിന്നു ലഭിക്കുന്ന ശാന്തിയും സമാധാനവുമൊക്കെ അപാരമാണ്. അതുപോലെ തന്നെ പ്രിയപ്പെട്ട ഒരിടമാണ് തിരുപ്പതി ക്ഷേത്രം. 2019 മാർച്ചിൽ കുടുംബസമേതം ഒരു യാത്ര നടത്തിയപ്പോൾ മറക്കാനാകാത്ത ഒരു അനുഭവമുണ്ടായി. എന്റെ മാതാപിതാക്കളും ഭർത്താവിന്റെ മാതാപിതാക്കളും കുട്ടികളുമൊക്കെയുണ്ടായിരുന്നു.

പതിനെട്ടു മണിക്കൂറോളമെടുത്ത് ഞാനും ഭർത്താവും മാറി മാറി ഡ്രൈവ് ചെയ്താണ് അവിടെയെത്തിയത്. ക്ഷേത്രത്തിനടുത്ത് മുറിയൊക്കെയെടുത്ത് റെഡിയായി ക്ഷേത്രത്തിലേക്കു പോയി. നേരത്തേ ബുക്ക് ചെയ്തു പുറപ്പെട്ടതുകൊണ്ടും സീസൺ അല്ലാത്തതുകൊണ്ടും വലിയ തിരക്കില്ലായിരുന്നു. ആ നടയിൽച്ചെന്നു തൊഴുതു നിന്നപ്പോൾ അക്ഷരാർഥത്തിൽ ഞാൻ കരയുകയായിരുന്നു. ഞാൻ മാത്രമല്ല, എന്റെ അമ്മയും ഭർത്താവിന്റെ അമ്മയുമെല്ലാം കരഞ്ഞു. ഭക്തിയുടെ ഒരു നിറവ് അപ്പോൾ അനുഭവിക്കാൻ കഴിഞ്ഞു.

വലിയ സെലിബ്രിറ്റികളൊക്കെ ഇടയ്ക്കിടെ സന്ദർശനം നടത്തുന്ന ക്ഷേത്രമെന്നേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. എന്താണ് ഇത്രയധികം ഭക്തരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത് എന്നൊക്കെ ദർശനം നടത്തുന്നതിനു മുൻപ് ഞാൻ ചിന്തിച്ചിരുന്നു. അവിടെച്ചെന്ന് ഭഗവാനെ കണ്ടപ്പോൾ, കൺ നിറയെ തൊഴുതു നിന്നപ്പോൾ എനിക്കതിനുള്ള ഉത്തരം കിട്ടി.