‘ഞാൻ നേരിട്ടു ഹാജരാകുമായിരുന്നല്ലോ’; ക്രൈംബ്രാഞ്ച് വീട്ടിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ച് സഞ്ജന ഗര്‍റാണി; ആളുകള്‍ മദ്യം കഴിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ‘കണ്ടു പരിചയം’ മാത്രമുള്ള നടി കുടുങ്ങിയത് ഇങ്ങനെ

 ‘ഞാൻ നേരിട്ടു ഹാജരാകുമായിരുന്നല്ലോ’; ക്രൈംബ്രാഞ്ച് വീട്ടിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ച് സഞ്ജന ഗര്‍റാണി; ആളുകള്‍ മദ്യം കഴിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ‘കണ്ടു പരിചയം’ മാത്രമുള്ള നടി കുടുങ്ങിയത് ഇങ്ങനെ

ലഹരി മരുന്ന് റാക്കറ്റ് കേസിൽ നടി സഞ്ജന ഗൽറാണിയെ (30) കുടുക്കിയത് നടിയുടെ സുഹൃത്തും ആർക്കിടെക്ടുമായ രാഹുൽ ഷെട്ടി നൽകിയ വിവരങ്ങൾ. ഇത് പ്രകാരം സഞ്ജനയുടെ ഫ്ലാറ്റിൽ ഇന്നലെ രാവിലെ 6.30നു റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടു നടി തട്ടിക്കയറി. മലയാള ചിത്രമായ ‘കാസനോവ’യിൽ ചെറിയ വേഷത്തിൽ എത്തിയിട്ടുള്ള സഞ്ജന, മലയാളികൾക്കു പരിചിതയായ നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ്. നടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നടിയും മോഡലുമായ സഞ്ജന കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബംഗലൂരുവിൽ ജനിച്ചുവളർന്ന സഞ്ജന കോളജ് കാലത്ത് തന്നെ മോഡലിംഗിൽ സജീവമാണ്. 1983, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. ബോളിവുഡ് നടൻ ജോൺ എബ്രഹാമിനൊപ്പം ഫാസ്ട്രാക്കിന്റെ പരസ്യത്തിലും അഭിനയിച്ച സഞ്ജന അമ്പതിലേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സഞ്ജനയുടെ അസിസ്റ്റന്റ് ആയ രാഹുലിനെ ബെംഗലൂരു ലഹരിമരുന്ന് കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജനയുടെ പേരും പൊങ്ങിവന്നത്. സിനിമാ പാർട്ടികൾക്ക് വേണ്ട ലഹരിമരുന്ന് എത്തിച്ചിരുന്നത് രാഹുൽ ആണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.

ലഹരിമരുന്ന് കേസിൽ തന്റെ പേർ വന്നതോടെ സഞ്ജന ഗാൽറാനിയുടെ പ്രസ്താവന പുറത്തിറക്കിയിരുന്നു. ‘ആളുകൾ മദ്യം കഴിക്കുന്നതും ക്ലബ്ബുകളിൽ പാർട്ടി നടത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അതിനപ്പുറം എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എനിക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളുമില്ല. അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയാകുന്നത് വളരെ അരോചകമാണ്. ഞങ്ങളുടെ കന്നഡ ചലച്ചിത്ര വ്യവസായത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ എനിക്ക് വളരെ സങ്കടമുണ്ട്.’–ഇങ്ങനെയായിരുന്നു നടിയുടെ പ്രസ്താവന.

സഞ്ജന ഗൽറാണിയുടെ ഇന്ദിരാനഗറിലെ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡിനെത്തിയത് ഇന്നലെ രാവിലെ 6.30നാണ്. ‘ഞാൻ നേരിട്ടു ഹാജരാകുമായിരുന്നല്ലോ’ എന്നു പൊട്ടിത്തെറിച്ച നടി, അപ്രതീക്ഷിതമായ പൊലീസ് നീക്കത്തിൽ പതറി. പിന്നീട് നടിയുടെ ആവശ്യപ്രകാരം അഭിഭാഷകൻ എത്തിയതിനു ശേഷമായിരുന്നു റെയ്ഡ്. തെളിവുകൾ നശിപ്പിക്കാതിരിക്കാനും മറ്റു സഹായങ്ങൾ തേടാതിരിക്കാനുമാണ് സിസിബി സംഘത്തിന്റെ മിന്നൽ റെയ്ഡെന്നാണു വിവരം. സഞ്ജനയുടെ സുഹൃത്ത് രാഹുൽ ഷെട്ടി അറസ്റ്റിലായതിനു പിന്നാലെ സമൻസ് അയച്ചിരുന്നെങ്കിലും നടി ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല.

രാഹുൽ അറസ്റ്റിലായപ്പോൾ തന്റെ സഹോദരനെ പോലെയാണെന്നും നിരപരാധിയാണെന്നും അവകാശപ്പെട്ട് സഞ്ജന മുംബൈയിൽ മാധ്യമങ്ങളെ കണ്ടിരുന്നു. പിന്നീടു ബെംഗളൂരുവിൽ തിരിച്ചെത്തിയതിനു പിന്നാലെയാണു റെയ്ഡ്. നിശാപാർട്ടികളിലേക്ക് സിനിമാ താരങ്ങളെ എത്തിക്കുന്നതിനു പുറമേ രാഹുൽ, ലഹരി ഇടപാടു നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ 11 വരെ സഞ്ജനയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലാപ്ടോപും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളുമാണ് പിടിച്ചെടുത്തത്. കേസ് ബലപ്പെടുത്തുന്ന തെളിവുകൾ ഇവയിൽ നിന്നു ലഭിച്ചതായി സിസിബി ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

സഞ്ജനയുടെ പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വ്യാപാര പങ്കാളിയും മംഗളൂരു സ്വദേശിയുമായ പൃഥ്വി ഷെട്ടി, ഒരു യുവ ഡോക്ടർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. അതിനിടെ, തിങ്കളാഴ്ച അറസ്റ്റിലായ കൊച്ചി കലൂർ സ്വദേശി നിയാസ് മുഹമ്മദ്, ബെംഗളൂരുവിലെ നിശാപാർട്ടികളിലേക്ക് കേരളത്തിൽ നിന്നു ലഹരി എത്തിച്ചിരുന്നതായി കണ്ടെത്തി.