സിനിമകളില്‍ കാണുന്ന പോലെയുള്ള ആസൂത്രണം; ഒരാള്‍ നിലത്തു വീണ് കിടക്കുന്നു, നോക്കാന്‍ കാറില്‍ നിന്നിറങ്ങി വന്നയുടന്‍ തല പിളര്‍ത്തി വെട്ടുന്നു; കണ്ണൂരില്‍ ഇന്നലെ നടന്നത്..

കണ്ണൂർ: ഇന്നലെയാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹൂദ്ദീന്‍ വെട്ടേറ്റ് മരിച്ചത്. കൂത്തുപറമ്പിൽനിന്നു ഷോപ്പിങ് കഴിഞ്ഞു സഹോദരിമാർക്കൊപ്പം കാറിൽ ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള വളവിലെത്തിയപ്പോഴാണ് സലാഹുദ്ദീന്റെ കാറിനു പിന്നിൽ ഒരു ബൈക്ക് വന്നിടിക്കുന്നത്. ബൈക്കിലുണ്ടായിരുന്ന ഒരാള്‍ നിലത്തുവീണ് കിടക്കുന്നത് കണ്ട് ഇളയ സഹോദരിയാണ് ആദ്യം കാറിൽ നിന്ന് ഇറങ്ങിയത്. തൊട്ടുപിന്നാലെ സലാഹുദ്ദീനും ഇറങ്ങി.
ബൈക്കിലെത്തിയവര്‍ പെട്ടെന്നാണ് ആയുധം പുറത്തെടുത്തത്. നടന്നത് വ്യാജ അപകടമാണെന്ന് തിരിച്ചറിയുന്നതിനു മുൻപ് തന്നെ സലാഹുദ്ദീന് വെട്ടേറ്റു. സഹോദരിമാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ് സലാഹുദ്ദീനെ ആശുപത്രിയിലേക്ക് എത്തിച്ചത്.
തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. ഉടന്‍ തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തല പിളർത്തിയുള്ള വെട്ട് ആണ് മരണ കാരണം. കഴുത്തിനു പിൻഭാഗത്തും മാരാകായുധം ഉപയോഗിച്ചുള്ള മുറിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടേറ്റെങ്കിലും മാരകമായതു തലയ്ക്കും കഴുത്തിനുമേറ്റ വെട്ടുകളെന്നാണു പ്രാഥമിക നിഗമനം.
അക്രമികൾ കൊലപാതകത്തിനായി സ്ഥലം തിരഞ്ഞെടുത്തതു പോലും ആസൂത്രിതമായി. റോഡിന്റെ ഇരു ഭാഗത്തും സിസിടിവി ഉള്ളതിനാലാണ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള വളവ് തെരഞ്ഞെടുത്തത്.
വളവിലേക്ക് ക്യാമറക്കണ്ണുകൾ എത്തില്ലെന്നുള്ളതും വിജന സ്ഥലമായതിനാലുമാണ് അപകട നാടകത്തിനും െകാലപാതകത്തിനും ഈ വളവ് തെരഞ്ഞെടുക്കാൻ അക്രമികളെ പ്രേരിപ്പിച്ചത്.