വീട്ടില്‍ തന്നെ ഇരുന്ന് കൊവിഡിനെ തുരത്തി 102കാരി! രക്ഷകരായത് റാഗി ഉപ്പുമാവും, നാരങ്ങാവെള്ളവും, ചിക്കന്‍ കറിയും

 വീട്ടില്‍ തന്നെ ഇരുന്ന് കൊവിഡിനെ തുരത്തി 102കാരി! രക്ഷകരായത് റാഗി ഉപ്പുമാവും, നാരങ്ങാവെള്ളവും, ചിക്കന്‍ കറിയും

വീട്ടില്‍ തന്നെ ഇരുന്ന് കൊവിഡിനെ തുരത്തി 102കാരി. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലുള്ള മുമ്മാനെനി സുബ്ബമ്മ എന്ന മുത്തശ്ശിയാണ് ചിട്ടയായ ജീവിതത്തിലൂടെ വൈറസിനെ തോല്‍പ്പിച്ചത്.

ഓഗസ്റ്റ് 21നാണ് സുബ്ബമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആയ അവര്‍ ഇപ്പോള്‍ പഴയതുപോലെ ഊര്‍ജസ്വലയും ആരോഗ്യവതിയുമാണ്.

അഞ്ച് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് സുബ്ബമ്മയ്ക്ക്. ഒരു മകനോടൊപ്പമാണ് താമസം. വീട്ടിലെ നാലു പേര്‍ കോവിഡ് പോസിറ്റിവ് ആയിരുന്നു. അറുപത്തിരണ്ടുകാരനായ മകനെ മാത്രമാണ് ആശുപത്രിയിലാക്കിയത്. മകന് പ്രമേഹം ഉണ്ടെന്നതായിരുന്നു കാരണം. മരുമകള്‍, കൊച്ചുമകന്‍, കൊച്ചുമകന്റെ ഭാര്യ എന്നിവരെല്ലാം വീട്ടില്‍ തന്നെ കഴിഞ്ഞു.

വീട്ടില്‍ തന്നെ കഴിഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചതായാണ് സുബ്ബമ്മ പറയുന്നത്. ഇതോടൊപ്പം പതിവ് ആഹാരങ്ങളായ റാഗി ഉപ്പുമാവും മധുരം ചേര്‍ത്ത നാരങ്ങാവെള്ളവും കഴിച്ചു. ചിക്കന്‍ കറിയും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ധാരാളമായി കഴിച്ചിരുന്നതായും അവര്‍ പറഞ്ഞു.