പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണി അറസ്റ്റിൽ

 പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണി അറസ്റ്റിൽ

ബംഗലൂരു : ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടില്‍ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തുകേസില്‍ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗലൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കേസില്‍ നടിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, സ്ഥലത്തില്ലെന്ന് മറുപടി നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കോടതിയുടെ സെര്‍ച്ച് വാറണ്ട് സഹിതമാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നുപുലര്‍ച്ചെ നടിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ഉന്നതര്‍ ഉള്‍പ്പെട്ട പാര്‍ട്ടിയില്‍ ലഹരിമരുന്ന് എത്തിച്ചെന്ന കേസില്‍ നടി രാഗിണി ദ്വിവേദിയെ നേരത്തെ സിസിബി അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തന്റെ രാഖി സഹോദരനാണ് രാഹുലെന്ന് സഞ്ജന പറഞ്ഞു. കൂടാതെ കഴിഞ്ഞദിവസം ലഹരി ഇടപാടുകാരന്‍ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയാസിന് സഞ്ജനയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.

ബംഗലൂരുവില്‍ ജനിച്ച സഞ്ജന ഗല്‍റാണി 2006 ല്‍ ഒരു കാതല്‍ സെയ്വീര്‍ എന്ന തമിഴ് ചിത്ത്രതിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ്.

ലഹരികടത്തുകേസുമായി ബന്ധപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ വീരേന്‍ ഖന്നയുടെ വീട്ടിലും സിസിബി പരിശോധന നടത്തുന്നുണ്ട്. കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്.