റഷ്യയുടെ സ്പുട്‌നിക് 5 ജനങ്ങളിലേക്ക്; വാക്‌സിന്‍ പുറത്തിറക്കി !

 റഷ്യയുടെ സ്പുട്‌നിക് 5 ജനങ്ങളിലേക്ക്; വാക്‌സിന്‍ പുറത്തിറക്കി !

മോസ്‌കോ:  വാക്‌സിൻ ‘സ്പുട്‌നിക് 5’ന്റെ ആദ്യത്തെ ബാച്ച് പുറത്തിറക്കി. വാക്സിന്റെ പ്രാദേശിക വിൽപനകൾ ഉടൻ ഉണ്ടാകുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്‌നിക് 5ന്റെ പരീക്ഷണങ്ങൾ പൂർത്തിയാക്കി രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

റഷ്യയുടെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഎഫ്) ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.

ജൂൺ – ജൂലൈ മാസങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ 76 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇവരിൽ എല്ലാവരുടെയും ശരീരത്തിൽ കോവിഡിനെതിരായ ആന്റീബോഡികൾ ഉണ്ടായെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലെന്നുമാണ് അധികൃതർ പറയുന്നത്. രണ്ടാം ഘട്ടത്തിൽ 42 ദിവസം നീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാർശ്വഫലങ്ങൾ കണ്ടെത്താനായില്ല.

അതിനിടെ സ്പുട്‌നിക് 5 വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടത്തുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ഫിലിപ്പെയ്ൻസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തലവൻ വ്യക്തമാക്കിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മൂന്നാം ഘട്ട പരീക്ഷണ ഫലം 2020 ഒക്ടോബർ- നവംബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും സൂചനകളുണ്ട്.