റംസിയെ അബോര്‍ഷന് കൊണ്ടുപോയത് വീട്ടമ്മമാരുടെ പ്രിയപ്പെട്ട സീരിയല്‍ നടി; വെളിപ്പെടുത്തലുമായി റംസിയുടെ പിതാവ്

 റംസിയെ അബോര്‍ഷന് കൊണ്ടുപോയത് വീട്ടമ്മമാരുടെ പ്രിയപ്പെട്ട സീരിയല്‍ നടി; വെളിപ്പെടുത്തലുമായി റംസിയുടെ പിതാവ്

കൊല്ലം : മകള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വിവാഹവാ​ഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത്  ആത്മഹത്യ ചെയ്ത റംസിയുടെ പിതാവ് റഹീം. തന്റെ കുഞ്ഞിനെ ശാരീരികവും മാനസികവുമായി ദുരുപയോഗിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തവർ മറുപടി പറഞ്ഞേ മതിയാകൂ. ചതിക്കപ്പെടുകയാണെന്നറിഞ്ഞ മകൾ ഹൃദയം തകർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ കുഞ്ഞിനെ അവർ കൊന്നു കളഞ്ഞതാണ്.  റംസിയുടെ മരണത്തിൽ ആ കുടുംബത്തിന് ഒന്നാകെ പങ്കുണ്ടെന്നും റഹിം പറഞ്ഞു.

വിവാഹത്തിൽ നിന്നും കാമുകൻ ഹാരിസ് പിന്മാറിയതിനെ തുടർന്നാണ് കൊട്ടിയം സ്വദേശിനി റംസി ( 24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പത്തുവർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം വിളയിടൽ ചടങ്ങ് നടത്തിയശേഷമാണ് കാമുകൻ ഹാരിസും കുടുംബവും വിവാഹത്തിൽ നിന്നും പിന്മാറിയത്. റംസിയുടെ പിതാവിൽ നിന്നും ഹാരിസ് പലപ്പോഴായി അഞ്ചുലക്ഷത്തോളം രൂപയും കൈപ്പറ്റിയിരുന്നു. വിവാഹത്തിന് സാമ്പത്തിക ഇടപാടുകളും നടന്നിരുന്നതായി റഹിം പറയുന്നു.

മകളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാതെ സമാധാനമായി ഉറങ്ങാനാകില്ല. റംസിയുടെ മരണത്തിൽ ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്നും റഹിം ആവശ്യപ്പെട്ടു.

ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിനെയും നടി കൂടെ കൂട്ടുമായിരുന്നു. കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങൾക്കു ശേഷം ഹാരിസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയാണ്. അവരെ പൊലീസ് ചോദ്യം ചെയ്യണം. റഹീം ആവശ്യപ്പെട്ടു.

​ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖകളും പ്രതികൾ ചമച്ചിരുന്നുവെന്ന് റഹിം പറയുന്നു. കേസിൽ നിന്ന് സീരിയൽ നടിയെ ഒഴിവാക്കാനായി ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ട്. മരണത്തിന്റെ അന്നും റംസി കാമുകൻ ഹാരിസിനെയും ഉമ്മയെയും വിളിച്ചിരുന്നു. മറ്റൊരാളെ കല്യാണം കഴിക്കാനും അതിനു കഴിയില്ലെങ്കിൽ പോയി ചാകാനുമാണ് അവർ  പറഞ്ഞത്.

മകൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷമാണ് അറിയുന്നത്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചത്. മരണത്തിനു പിന്നാലെ അവളുടെ ശബ്ദസന്ദേശം പുറത്ത് വന്നതിനു ശേഷമാണ് ഇത്രമാത്രം ദുരിതത്തിലൂടെയാണ് റംസി കടന്നു പോയതെന്ന് മനസിലാക്കുന്നത്.

തന്നെ തഴഞ്ഞ് സാമ്പത്തികമായി ഉയർന്ന വീട്ടിലെ പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ഹാരിസിന്റെ തീരുമാനം എന്നറിഞ്ഞ റംസി, ഹാരിസിന്റെ വീട്ടിൽ പോയിരുന്നു. അന്ന് മകളെ അടിച്ച് പുറത്താക്കുകയായിരുന്നു ഹാരിസിന്റെ ഉമ്മ. പണം മോഹിച്ചാണ് പുതിയ ബന്ധത്തിന് അവർ തയാറായതെന്നും റഹീം പറയുന്നു.

പ്രണയിച്ച് വഞ്ചിച്ചതിൽ മനംനൊന്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് പള്ളിമുക്ക് സ്വദേശി റംസി (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. മരിക്കുന്നതിനു മുൻപ് പ്രതി ഹാരിസും ഹാരിസിന്റെ ഉമ്മയുമായി റംസി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുതെന്നും റംസി ഹാരിസിനോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. കേസിൽ കാമുകനായ ഹാരിസിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.