11 വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ കൊലക്കത്തിക്ക് ഇരയായ ഹേമജ ടീച്ചര്‍, ഡിങ്കന്‍ ശശി ഇന്നും കാണാമറയത്ത്‌

 11 വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ കൊലക്കത്തിക്ക് ഇരയായ ഹേമജ ടീച്ചര്‍, ഡിങ്കന്‍ ശശി ഇന്നും കാണാമറയത്ത്‌

11 വര്‍ഷം മുമ്പ് നടന്ന അരുംകൊലയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണൂരു കാര്‍ക്ക് ഇന്നും നടുക്കമാണ്‌. ഹേമജ ടീച്ചറുടെ ഓർമ്മകൾ കണ്ണീരോടെയാണ് നാട്ടുകാർ ഓർക്കുന്നത്. പതിനൊന്ന് വര്‍ഷം മുന്‍പ് ഒരു അദ്ധ്യാപക ദിനത്തിലായിരുന്നു സ്വന്തം ഭര്‍ത്താവിന്റെ കൊലക്കത്തി ഹേമജ ടീച്ചറുടെ കഴുത്തില്‍ തുളഞ്ഞുകയറിയത്.

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയങ്കരിയായിരുന്ന ഹേമജയെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും നിയമത്തിന് പിടികൊടുക്കാതെ എവിടയോ ആണ്. കൊലയാളിയായ ഭര്‍ത്താവ് ഡിങ്കന്‍ ശശിയെന്ന ശശീന്ദ്രന്‍ എവിടെയെന്ന് പോലും ആര്‍ക്കും അറിയില്ല.വിദേശത്ത് കടന്നെന്നും നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും തുടങ്ങിയ പല അഭ്യൂഹങ്ങള്‍ പൊലീസിനെയും കുഴപ്പിക്കുകയാണ്.

ലോക്കറില്‍ വെക്കാന്‍ ഏല്‍പ്പിച്ച സഹോദരിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഹേമജ തിരിച്ച്‌ ചോദിച്ചതും തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കങ്ങളുമാണ് ടീച്ചറെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ശശീന്ദ്രനെ പ്രേരിപ്പിച്ചത്. പന്നേന്‍പാറയിലുള്ള തറവാട്ട് വീട്ടില്‍ സംഭവത്തിന്റെ തലേ ദിവസം തന്നെ ശശീന്ദ്രന്‍ ഹേമജയെ അടക്കം ചെയ്യാനുള്ള കുഴി കുഴിച്ച്‌ കാത്തിരുന്നു.

എന്നാല്‍ തന്റെ തിരക്കഥ പാതിവഴിയില്‍ പാളിയതോടെ ഇരുട്ടിന്റെ മറവില്‍ എങ്ങോ കടന്നു കളയുകയായിരുന്നു. 2009 സെപ്തംബര്‍ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ അരും കൊല നടന്നത്.അ‌ര്‍ദ്ധരാത്രിയില്‍ സുഖമില്ലെന്ന് നടിച്ച്‌ ആശുപത്രിയിലേക്കെന്ന വ്യാജേന ഹേമജയെയും കൂട്ടി പുറപ്പെട്ട ഭര്‍ത്താവ് ശശീന്ദ്രന്‍ വഴിയില്‍ വച്ച്‌ സുഹൃത്തായ ടി.എന്‍.ശശിയുടെ സഹായത്തോടെയാണ് ഹേമജയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നത്.

കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്ത് ശശി സംഭവത്തിനിടയില്‍ ഭയന്ന് ഓടിയതാണ് ശശീന്ദ്രന്റെ കണക്കുകൂട്ടുകളെല്ലാം തെറ്റിച്ചത്. ശശി വാനില്‍ നിന്നും ഭയന്ന് ഓടിയതോടെ ശശീന്ദ്രന്‍ ഒമ്നി വാനും മൃതദേഹവും ഉപേക്ഷിച്ച്‌ കടന്ന് കളയുകയായിരുന്നു.താഴെ ചൊവ്വയ്ക്ക് സമീപം ഉരുവച്ചാലില്‍ മാരുതി ഒമ്നി വാനിന്റെ മുന്‍സീറ്റില്‍ കഴുത്തറുത്ത നിലയിലാണ് ഹേമജയുടെ മൃതദേഹം പിറ്റേന്ന് പുലര്‍ച്ചെ നാട്ടുകാര്‍ കണ്ടത്.

ദിവസങ്ങള്‍ക്കുള്ളില്‍ ശശിയെ പൊലീസ് പിടികൂടിയെങ്കിലും ശശീന്ദ്രനെ കുറിച്ച്‌ യാതൊരു വിവരവുമില്ല. കൊലപാതകത്തെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഡിങ്കന്‍ ശശീന്ദ്രന്‍ ഇപ്പോഴും സമര്‍ത്ഥമായി ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനകളുണ്ട്.