വൈറ്റമിൻ കെ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കോവിഡ് 19 നെ പ്രതിരോധിക്കും ! ആശ്വാസകരമായി പഠന റിപ്പോര്‍ട്ട്

അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ ഫലം വിശ്വസിക്കാമെങ്കിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കോവിഡ് 19 നെ പ്രതിരോധിക്കും.
ഗാര്‍ഡിയനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നത്, കോവിഡ് ബാധിച്ച് അതിതീവ്ര വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരിൽ വൈറ്റമിൻ കെയുടെ അഭാവം കണ്ടെത്തിയെന്നാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇൗ പോഷകത്തിനാവും എന്ന പ്രതീക്ഷയും പഠനം നൽകുന്നു.
മാർച്ച് 12 നും ഏപ്രിൽ 11 നും ഇടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 134 രോഗികളിൽ മാസ്ട്രിക്ടിലെ കാർഡിയോവാസ്ക്കുലാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പഠനം നടത്തിയത്. വൈറ്റമിൻ കെയുടെ അഭാവവും കൊറോണവൈറസ് ഗുരുതരമാകുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടു.
കോവിഡ്19 നെ വൈറ്റമിൻ കെ എങ്ങനെ പ്രതിരോധിക്കുന്നു?
നോവൽ കൊറോണ വൈറസ് രക്തം കട്ടപിടിക്കുന്നതിനും ശ്വാസകോശത്തിലെ ഇലാസ്റ്റിക് ഫൈബറുകളുടെ നാശത്തിനും കാരണമാകുന്നു. രക്തം കട്ടപിടിക്കുന്നതിനെ നിയന്ത്രിക്കുന്ന പ്രോട്ടീനുകളുടെ ഉൽപാദനത്തെ സഹായിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് വൈറ്റമിൻ കെ. അതുകൊണ്ടുതന്നെ വൈറ്റമിന്‍ കെ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ രക്തക്കുഴലുകൾക്കും എല്ലുകള്‍ക്കും ശ്വാസകോശത്തിനും നല്ലതാണെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങള്‍
വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. അത് കോവിഡ്19 ന്റെ സങ്കീർണതകളെ കുറയ്ക്കുക മാത്രമല്ല, നിങ്ങൾക്ക് ആരോഗ്യവും നല്‍കുന്നു.
പച്ചനിറമുള്ള ഇലക്കറികൾ
മിക്ക ഇലക്കറികളിലും വൈറ്റമിൻ കെ ധാരാളം ഉണ്ടെങ്കിലും കേൽ, കാബേജ്, ബ്രൊക്കോളി മുതലായവയിൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ, ബി, ഇ, കൂടാതെ മഗ്നീഷ്യം, ഫോളേറ്റ്, അയൺ എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് പച്ചച്ചീരയിൽ ഒരു ദിവസത്തേക്ക് ശരീരത്തിനാവശ്യമായ വൈറ്റമിൻ അടങ്ങിയിരിക്കുന്നു.
സോയാബിൻ
പ്രധാനമായും രണ്ടു തരം ജീവകം കെ ഉണ്ട്. അവ വൈറ്റമിൻ കെ1(Phytonadione), വൈറ്റമിൻ കെ2(Menaquinone) എന്നിവയാണ്. സോയാബീൻ, സോയാബീൻ എണ്ണ എന്നിവയിൽ കെ–2 കൂടുതല്‍ ഉണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങളിലും ഇതുണ്ട്.
മീനും ഇറച്ചിയും
ഇറച്ചിയിലും പ്രധാനമായും മീനിലും വൈറ്റമിൻ കെ ധാരാളമുണ്ട്. മത്സ്യങ്ങളില്‍ ബ്ലഡ് കോയാഗുലേഷനും ബോൺ മിനറലൈസേഷനനും ഇവ പ്രധാന പങ്കു വഹിക്കുന്നു.
മുട്ട, പാലുൽപന്നങ്ങൾ
പാലുൽപന്നങ്ങളിലും മുട്ടയിലും വൈറ്റമിൻ കെ ധാരാളമുണ്ട്. ഇറച്ചിപോലെതന്നെ മുട്ടയിലെയും വൈറ്റമിന്റെ അളവ് മൃഗത്തിന്റെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. ദേശത്തിനനുസരിച്ച് മൂല്യത്തില്‍ വ്യത്യാസം വരും.
പാൽക്കട്ടി
ജീവകം കെ ധാരാളം അടങ്ങിയതാണ് പാൽക്കട്ടി. പുളിക്കാത്ത പാൽക്കട്ടി, പ്രോസസ് ചെയ്ത പാല്‍ക്കട്ടി എന്നിവയിൽ വിറ്റമിൻ കെ കുറഞ്ഞ അളവിലേ ഉള്ളൂ. എന്നാൽ ബ്ല്യൂ ചീസ്, ഫ്രഷ് ചീസ്, സെമി സോഫ്റ്റ് ചീസ് എന്നിവയിൽ വൈറ്റമിന്‍ കെ ധാരാളം ഉണ്ട്.