ഹാരിസിനൊപ്പം ജീവിക്കാനായില്ലെങ്കില്‍ ഞാന്‍ പോകും ; പറഞ്ഞതു പോലെ റംസി ചെയ്തു; 10 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒരു മുഴം കയറില്‍ ആ ജീവന്‍ പൊലിഞ്ഞു, ഹാരിസ് അറസ്റ്റില്‍; സീരിയല്‍ നടിയ്‌ക്കെതിരെയും അന്വേഷണം

 ഹാരിസിനൊപ്പം ജീവിക്കാനായില്ലെങ്കില്‍ ഞാന്‍ പോകും	;  പറഞ്ഞതു പോലെ റംസി ചെയ്തു;   10 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒരു മുഴം കയറില്‍ ആ ജീവന്‍ പൊലിഞ്ഞു, ഹാരിസ് അറസ്റ്റില്‍; സീരിയല്‍ നടിയ്‌ക്കെതിരെയും അന്വേഷണം

കൊട്ടിയം: വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു. പള്ളിമുക്ക് സ്വദേശി ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു റംസിയുടെ രക്ഷിതാക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോൺ കോൾ രേഖകളും പരിശോധിച്ചു. സംഭവത്തിൽ സീരിയൽ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ റംസിയുടെ മൃതദേഹം കണ്ടത്. ഹാരിസുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.

പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്.

റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു.

പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹനിശ്ചയം വരെയെത്തിയ ബന്ധത്തില്‍നിന്നു ഹാരിസ് പിന്മാറിയതില്‍ മനംനൊന്താണ് റംസി ജീവനൊടുക്കിയതെന്നാണു മാതാപിതാക്കളുടെ പരാതി. ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് കടന്നു കളഞ്ഞത് വല്ലാത്ത മുറിവായി മാറുകയും ചെയ്തു.

മരണത്തിനു മുൻപ് ഹാരിസ് കൂടെയില്ലെങ്കിൽ ഞാൻ പോകുമെന്നു ഹാരിസിന്റെ ഉമ്മയോട് അവൾ ഫോണിൽ സംസാരിക്കുകയും ചെയ്തു– ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശി റംസി(24)യുടെ ബന്ധു പറഞ്ഞു.

വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം തന്നെ ഒഴിവാക്കുകയാണെന്ന് റംസിക്ക് മനസിലായിരുന്നു. പലപ്പോഴും ഹാരിസിനോട് ഇതേ പറ്റി സംസാരിച്ചിരുന്നപ്പോൾ വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മരിക്കുന്നതിനു മുൻപും റംസി ഹാരിസിനോടും ഹാരിസിന്റെ ഉമ്മയോടും ഫോണിൽ സംസാരിച്ചിരുന്നു. നിന്നെ ഞങ്ങൾക്ക് ആവശ്യമില്ലെന്നും പോയി മരിക്കുവെന്നായിരുന്നു മറുപടിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി റംസിയെ കൊണ്ടു പോയത്. പ്രമുഖ സീരിയിൽ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഇയാള്‍ ചമച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹാരിസിനു മേൽ ചുമത്തിയിരിക്കുന്നതെന്നും പത്തു വർഷത്തോളം പ്രണയിക്കുകയും വിവാഹം ഉറപ്പിച്ചതിനു ശേഷം ബന്ധത്തിൽ നിന്ന് പിൻമാറിയത് പെൺകുട്ടിയെ വിഷമിപ്പിച്ചിരുന്നതായും കൊട്ടിയം എസ്ഐ അമൽ പ്രതികരിച്ചു.

മൂന്ന് മാസത്തോളം ഗർഭിണിയായിരിക്കേ നാളുകൾക്ക് മുൻപ് പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ചിരുന്നു. മറ്റൊരു വിവാഹ ബന്ധത്തിനു വേണ്ടിയാണ് റംസിയെ ഒഴിവാക്കിയതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും കൊട്ടിയം എസ്ഐ പ്രതികരിച്ചു.