ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അയാൾ എപ്പോള്‍ മുതല്‍ രോഗം പരത്താം? എത്ര കാലം അയാള്‍ക്കുള്ളില്‍ വൈറസ് നിലനില്‍ക്കും, എത്ര കാലം അയാള്‍ മറ്റുള്ളവരിലേക്ക് രോഗം പരത്തും? അറിയുമോ ഇക്കാര്യങ്ങള്‍..

 ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അയാൾ എപ്പോള്‍ മുതല്‍ രോഗം പരത്താം?  എത്ര കാലം അയാള്‍ക്കുള്ളില്‍ വൈറസ് നിലനില്‍ക്കും, എത്ര കാലം അയാള്‍ മറ്റുള്ളവരിലേക്ക് രോഗം പരത്തും? അറിയുമോ ഇക്കാര്യങ്ങള്‍..

നാടെങ്ങും കൊവിഡ് ഭീതിയിലാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടിവരുന്നു.
ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അയാൾ എപ്പോള്‍ മുതല്‍ രോഗം പരത്താം. എത്ര കാലം അയാള്‍ക്കുള്ളില്‍ വൈറസ് നിലനില്‍ക്കും. എത്ര കാലം അയാള്‍ മറ്റുള്ളവരിലേക്ക് രോഗം പരത്തും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് മുന്‍കരുതലുകള്‍ എടുക്കാന്‍ സഹായിക്കും.

വിവിധ വഴികളിലൂടെ ഒരാള്‍ക്കുള്ളില്‍ വൈറസ് പ്രവേശിക്കുന്നതും അയാള്‍ക്ക് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യുന്ന കാലയളവിനാണ് ഇന്‍ക്യുബേഷന്‍ കാലാവധി എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ കോവിഡ് പിടിപെട്ട വ്യക്തിക്ക് ചുമ, ശ്വാസതടസ്സം, പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങാന്‍ ഒന്നു മുതല്‍ 14 വരെ ദിവസങ്ങള്‍ പിടിക്കാം. ഏറിയ കേസുകളിലും വൈറസ് ബാധിക്കപ്പെട്ട് നാലു മുതല്‍ ആറു വരെ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കാണാം.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ കോവിഡ് രോഗികള്‍ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന അവസരത്തിലാണ് അവരുടെ വ്യാപനശേഷി ഏറ്റവും കൂടി നില്‍ക്കുന്നത്. ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയ ശേഷമുള്ള ആദ്യ ഏഴ് ദിവസങ്ങള്‍ റിസ്‌ക് കൂടിയ ഘട്ടമാണ്.

എന്നാല്‍ ചിലര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് ഒന്നു മുതല്‍ മൂന്ന് ദിവസം മുന്‍പേതന്നെ വൈറസ് പരത്തി തുടങ്ങും. ഓരോ വ്യക്തിക്കനുസരിച്ചും രോഗതീവ്രതയനുസരിച്ചും ഇതില്‍ വ്യത്യാസം വരാം. വൈറസ് ലോഡ് എത്ര കൂടുന്നുവോ അതിനനുസരിച്ച് രോഗവ്യാപന സാധ്യതയും കൂടാം.

കോവിഡ് രോഗമുക്തിക്കും അല്‍പം സമയം എടുക്കാം

തീവ്രത കുറഞ്ഞ കേസുകളില്‍ രോഗമുക്തിക്കുള്ള സമയം ഒന്ന് മുതല്‍ 2 ആഴ്ച വരെയാണ്. തീവ്രത കൂടിയ കേസുകളില്‍ ഇത് മൂന്നോ നാലോ ആഴ്ച നീളാം. സിഡിസി കണക്ക് പ്രകാരം ഒരു വ്യക്തിയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി10 ദിവസം പിന്നിട്ട ശേഷം മരുന്നൊന്നും കഴിക്കാതെ മൂന്ന് ദിവസം അവര്‍ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍ അവരില്‍ നിന്ന് രോഗവ്യാപനം ഇനി ഉണ്ടാകില്ല എന്ന് കരുതാം.

എന്നാല്‍ വൈറസ് രോഗമുക്തിക്ക് ശേഷവും ദീര്‍ഘകാലം ശരീരത്തില്‍ തുടരാമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹോങ്ങ്‌കോങ്ങില്‍ നടത്തിയ പഠനം അനുസരിച്ച് ലക്ഷണങ്ങല്‍ പ്രത്യക്ഷപ്പെട്ട് 20 ദിവസങ്ങള്‍ക്ക് ശേഷവും കോവിഡ് രോഗിയുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തി അഞ്ച് ആഴ്ചകള്‍ക്ക് ശേഷവും രോഗബാധിതരുടെ വിസര്‍ജ്യത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കാണാനായതായി ചൈനീസ് പഠനങ്ങളും പറയുന്നു.