പാത്രം തുറന്നു നോക്കാന്‍ തോന്നാതിരുന്നത് ഭാഗ്യം കൊണ്ട്! പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ കൂടോത്രമെന്ന് കരുതി പുഴയിലെറിഞ്ഞു, ഉഗ്രസ്‌ഫോടനത്തില്‍ നടുങ്ങി ചൊക്ലി

 പാത്രം തുറന്നു നോക്കാന്‍ തോന്നാതിരുന്നത് ഭാഗ്യം കൊണ്ട്! പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ കൂടോത്രമെന്ന് കരുതി പുഴയിലെറിഞ്ഞു, ഉഗ്രസ്‌ഫോടനത്തില്‍ നടുങ്ങി ചൊക്ലി

ചൊക്ലി: കണ്ണൂരിലെ ചൊക്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം അറിഞ്ഞാല്‍ ആരും തലയില്‍ കൈവച്ചു പോകും. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയയാളുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്നലെ വൈകിട്ട് പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ പറമ്പില്‍ നിന്ന് ലഭിച്ചു.

ആരെങ്കിലും കൂടോത്രം ചെയ്തതാണെന്ന് കരുതി പാത്രം തുറന്ന് നോക്കാതെ അങ്ങനെ തന്നെ എടുത്ത് കാറില്‍ വച്ചു. ശേഷം പുഴയില്‍ കൊണ്ടു പോയി എറിഞ്ഞു. പാത്രം വെള്ളത്തില്‍ വീണപ്പോഴാണ് നാടു നടുങ്ങിയത്. എറിഞ്ഞ രണ്ടു കൂടോത്ര പാത്രങ്ങളും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ആർ‍ക്കും പരുക്കില്ല.

കരിയാട് പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് ശുചിയാക്കുന്നതിനിടയിൽ ലഭിച്ച പാത്രങ്ങളാണ് കാഞ്ഞിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞത്. കൂടോത്രമെന്നു കരുതി പരിശോധിക്കാൻ തയാറാകാത്തതിനാൽ ദുരന്തം ഒഴിവായി.

ശബ്ദം കേട്ട് നാട്ടുകാർ കൂട്ടത്തോടെ പുഴയോരത്തെത്തി. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.മറ്റൊരു വീട്ടിലാണ് താമസം. പറമ്പ് വൃത്തിയാക്കുന്നതിടയിലാണ് പാത്രങ്ങൾ ശ്രദ്ധയിൽ പെട്ടത്. രണ്ട് സ്റ്റീൽ ബോംബുകളാണ് ലഭിച്ചത്.