ഏക മകളുടെ വിവാഹ നിശ്ചയം ബന്ധുവീടുകളിൽ അറിയിക്കാൻ പോയ അച്ഛന്‍ തിരിച്ചെത്തുന്നത് 23 വര്‍ഷങ്ങള്‍ക്കു ശേഷം; തിരികെ വരുമ്പോള്‍ മകളുടെ മകളും വിവാഹിതയായി !

 ഏക മകളുടെ വിവാഹ നിശ്ചയം ബന്ധുവീടുകളിൽ അറിയിക്കാൻ പോയ അച്ഛന്‍ തിരിച്ചെത്തുന്നത് 23 വര്‍ഷങ്ങള്‍ക്കു ശേഷം;  തിരികെ വരുമ്പോള്‍ മകളുടെ മകളും വിവാഹിതയായി !

പെരിന്തൽമണ്ണ : ഏക മകളുടെ വിവാഹ നിശ്ചയം ബന്ധുവീടുകളിൽ അറിയിക്കാൻ പോയ അച്ഛന്‍ തിരിച്ചെത്തുന്നത് 23 വര്‍ഷങ്ങള്‍ക്കു ശേഷം . അപ്പോഴേക്കും മകളുടെ മകളും വിവാഹിതരായി. പെരിന്തൽമണ്ണ ടൗണിൽ അലഞ്ഞു നടക്കുകയായിരുന്ന അയ്യാലിൻ അലിക്കുഞ്ഞ്(88) പൊലീസും ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയും എറണാകുളം ജില്ലയിലെ പറവൂരിലെ കരിമാല്ലൂർ മാഞ്ഞാലിക്കരയിലെ വീട്ടിലെത്തിച്ചപ്പോൾ സന്തോഷം നിറഞ്ഞ പുനഃസമാഗമ വേളയായി.

നാട്ടുകാരാണ് ഇദ്ദേഹത്തെ പെരിന്തൽമണ്ണ കൺട്രോൾ റൂം എസ്‌ഐ കുഞ്ഞൻ, സിപിഒ റമീസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നാസർ തൂതയാണ് കുടുംബാംഗങ്ങളുമായുള്ള പുനഃസമാഗമത്തിനു വഴിയൊരുക്കിയത്. കോവിഡ് പരിശോധന നടത്തി പുതിയ വസ്‌ത്രം ധരിപ്പിച്ചാണ് ഇയാളെ വീട്ടിലെത്തിച്ചത്. വീടുവിട്ടിറങ്ങിയതിനെക്കുറിച്ച് അലിക്കുഞ്ഞ് പറഞ്ഞത് ഇങ്ങനെയാണ്: കുട്ടിക്കാലം മുതലേ യാത്ര ഇഷ്ടമായിരുന്നു. സഞ്ചാരിയെന്നാണു നാട്ടുകാർ ഇട്ട ഇരട്ടപ്പേര്.

15 വയസ്സു മുതൽ പലപ്പോഴും ചെറിയ യാത്രകൾ പോകാറുണ്ട്. ഒരേയോരു മകളുടെ വിവാഹം നിശ്ചയിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ബന്ധുവീടുകളിൽ ക്ഷണിക്കാനാണ് ഇറങ്ങിയത്. ആ യാത്ര പലവഴിക്കങ്ങനെ നീണ്ടു.

പിന്നീടു പലപ്പോഴും വീട്ടിൽ പോകണമെന്നു കരുതിയിരുന്നു. എന്നാൽ വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം പോയില്ല. അന്നു വീടുമായി ബന്ധപ്പെടാനും വഴിയില്ലായിരുന്നു. ചെർപ്പുളശ്ശേരി,പട്ടാമ്പി,ഒറ്റപ്പാലം,മണ്ണാർക്കാട് ഭാഗങ്ങളിൽ പലയിടങ്ങളിലും കിട്ടിയ ജോലിയൊക്കെ ചെയ്‌തു.

ഒടുവിൽ ജോലി ചെയ്യാൻ ആരോഗ്യമില്ലാതായി. ഭാര്യ ഖദീജയും മകളും ബന്ധുക്കളും നാട്ടുകാരും അലിയെ പലയിടങ്ങളിലും അന്വേഷിച്ചു. സൂചന പോലും ഇല്ലാത്തതിനാൽ അന്വേഷണം ഉപേക്ഷിച്ചു. ഇതിനിടെ മകൾ ഹസീനയുടെ മകളുടെ വിവാഹവും കഴിഞ്ഞു. നാസർ തൂത, അലിക്കുഞ്ഞിനെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചപ്പോൾ ആദ്യം അമ്പരപ്പായിരുന്നു. പിന്നീടതു സങ്കടക്കണ്ണീരായി. ഒടുവിൽ വീട്ടിലെത്തിയപ്പോൾ ആഹ്ലാദത്തിനു വഴിമാറി.