ഇരിങ്ങാലക്കുടയിലെ ആലീസ് കൊല്ലപ്പെട്ടിട്ട് 10 മാസം; കൊലയാളി കാണാമറയത്ത്; ആരായിരുന്നു ആ കര്‍ട്ടന്‍ വില്‍പ്പനക്കാരന്‍ ? ആകെ ലഭിച്ച തെളിവ് പത്രക്കടലാസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആലീസ് കൊല്ലപ്പെട്ടിട്ട് 10 മാസം.ആലീസ് കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്തൊരു കർട്ടൻ വിൽപനക്കാരനെ കണ്ടിരുന്നു. ഇയാളെ കണ്ടെത്താൻ കേരളത്തിലങ്ങോളമിങ്ങോളം കർട്ടൻ വിൽപനക്കാർ തമ്പടിക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ തുടരുന്നു.
2019 നവംബർ 14 ന് വൈകിട്ട് ആറോടെയാണ് ആലീസിനെ വീടിനുള്ളിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. വളകൾ മോഷണം പോയെങ്കിലും കമ്മലുകളും മാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്പ്പെട്ടിരുന്നില്ല. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു ആലീസിന്റെ താമസം.
വൈകിട്ടു കൂട്ടുകിടക്കാൻ എത്തിയിരുന്ന സ്ത്രീയാണ് ആലീസിനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. 3 പെൺമക്കൾ വിവാഹം കഴിഞ്ഞു ഭർത്തൃവീടുകളിലായിരുന്നു. മകനും ഭാര്യയും ഇംഗ്ലണ്ടിലും. ആഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ കൊലപാതകമെന്ന നിലയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.
മാർക്കറ്റിലെ മാംസവ്യാപാരിയായിരുന്നു ആലീസിന്റെ ഭർത്താവ് പോൾസൺ. ആദ്യം മാർക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫൊറൻസിക്, വിരലടയാള വിദഗ്ധർ വീടും പരിസരവും അരിച്ചു പെറുക്കി. എന്നാൽ, വിരലടയാളമോ മറ്റു തെളിവുകളോ ലഭിച്ചില്ല. പൊലീസ് നായ ഹണി കോമ്പാറ– ഉൗരകം റോഡിൽ 200 മീറ്ററോളം മണം പിടിച്ച് ഓടിയെങ്കിലും തിരികെ എതിർ ദിശയിൽ നീങ്ങി സമീപത്തെ നഗരസഭ അറവുശാല വരെ ഓടിയെത്തി നിന്നു.
പ്രതി ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്നു കരുതുന്ന പത്രക്കടലാസ് മാത്രമാണു പൊലീസിന് ആകെ ലഭിച്ച തെളിവ്. അതും അന്വേഷണത്തെ മുന്നോട്ടു നയിച്ചില്ല. മാർക്കറ്റിലെ ഇറച്ചിക്കടകളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നൂറുക്കണക്കിനു പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്കു നീളുന്ന ഒന്നും ലഭിച്ചില്ല. സംഭവ ദിവസം സ്ഥലത്തെ മൊബൈൽ ടവർ പരിധിയിലുണ്ടായിരുന്ന നൂറുകണക്കിനു പേരെയും ചോദ്യം ചെയ്തു.
സംഭവ ദിവസം രാവിലെ ആലീസിന്റെ വീടിന്റെ പരിസരത്ത് ഒരു കർട്ടൻ വിൽപനക്കാരൻ എത്തിയിരുന്നു. അയൽവാസിയായ സ്ത്രീ ഇയാളെ കണ്ടു. ഇവർ നൽകിയ സൂചനകൾ അനുസരിച്ചു പൊലീസ് രേഖാചിത്രം തയാറാക്കി. ഇതുമായി കേരളത്തിലുടനീളം സഞ്ചരിച്ച് അന്വേഷണം നടത്തി, ഒരു വിവരവും ലഭിച്ചില്ല.
പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ആലീസ് മരിച്ച വീട് ക്യാംപാക്കിയാണ് അന്വേഷണം നടക്കുന്നത്.