ഡല്‍ഹിയിലെ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല, രണ്ടാം തരംഗത്തെ ഡല്‍ഹി അഭിമുഖീകരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍

 ഡല്‍ഹിയിലെ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല, രണ്ടാം തരംഗത്തെ ഡല്‍ഹി അഭിമുഖീകരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍

ഡല്‍ഹി:  ഡല്‍ഹിയിലെ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും രണ്ടാം തരംഗത്തെ ഡല്‍ഹി അഭിമുഖീകരിക്കുകയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓഗസ്റ്റ് ആദ്യ വാരം നടത്തിയ രണ്ടാം സീറോളജിക്കല്‍ സര്‍വേ നഗരത്തിലെ 28.8 % ജനങ്ങളും വൈറസിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ചതായി കണ്ടെത്തിയിരുന്നു.

മെട്രോ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ തുറക്കുന്നതോടെ ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ രണ്ടാം തരംഗം ജൂണില്‍ ഉണ്ടായ തരത്തില്‍ ഒരു മൂര്‍ധന്യാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. ജോണ്‍ ജേക്കബ് അഭിപ്രായപ്പെടുന്നു.

പരിശോധന വ്യാപകമാക്കുന്നതോടെ കേസുകളുടെ എണ്ണം ഉയര്‍ന്നാലും ഒരു നിശ്ചിത ജനസംഖ്യയില്‍ ബാധിക്കപ്പെട്ടവരുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പോസിറ്റീവിറ്റി നിരക്ക് താഴ്ന്ന് നില്‍ക്കുന്നത് ശുഭസൂചനയാണ്.

രണ്ടാം തരംഗം ഉണ്ടായാലും അതിനെ നേരിടാന്‍ ഡല്‍ഹി ഇപ്പോള്‍ സജ്ജമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ആന്റിബോഡി പരിശോധന നടത്താന്‍ ഐസിഎംആര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയതോടെ മെച്ചപ്പെട്ട രീതിയില്‍ രോഗവ്യാപനം നിര്‍ണയിച്ച് സീറോസര്‍വയലന്‍സ് നടപ്പാക്കാമെന്നാണ് പ്രതീക്ഷ.

വൈറസ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ തീവ്രത കുറയുന്നതും പ്രതീക്ഷയേകുന്നു. സഹരോഗാവസ്ഥയുള്ളവര്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ നിരക്കും നഗരത്തില്‍ കുറഞ്ഞിട്ടുണ്ട്.