‘ഞാനിങ്ങട് പോന്നു..അത്രേന്നെ’ ; ആത്മഹത്യ ചെയ്യാന്‍ പോയ ഗുരുവിനെ ജീവിതത്തിലേക്കും സ്വന്തം കുടുംബത്തിലേക്കും ചേർത്തുപിടിച്ച ശിഷ്യൻ

മരണത്തിലേക്ക് ഇറങ്ങിപ്പോകാൻ തുടങ്ങിയ ഗുരുവിനെ ജീവിതത്തിലേക്കും സ്വന്തം കുടുംബത്തിലേക്കും ചേർത്തുപിടിച്ച ശിഷ്യൻ. മീറ്റ്ന രാമകൃഷ്ണൻ എന്ന ചെണ്ടവാദ്യക്കാരനാണ് ഈ കഥയിലെ ശിഷ്യൻ.
ഗുരു: ചെണ്ടവാദ്യകലയിൽ ഒട്ടേറെ ശിഷ്യരുള്ള കലാമണ്ഡലം ശിവരാമൻ നായർ. ഒരിക്കൽ ആത്മഹത്യയ്ക്ക് ഇറങ്ങിത്തിരിച്ചതാണ് ആശാൻ. ശിഷ്യന്റെ സംരക്ഷണത്തിലായിട്ട് ഒന്നരപ്പതിറ്റാണ്ടിലേറെയായി.
അന്നൊരു നെന്മാറ–വല്ലങ്ങി വേലയുടെ ദിവസമാണ്, ശിവരാമൻ നായർ പ്രിയശിഷ്യന്റെ വീട്ടിലെത്തുന്നത്. വേലയ്ക്കു വാദ്യത്തിനു പോകാൻ വിളി വന്നിരുന്നെങ്കിലും ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതു കൊണ്ട് രാമകൃഷ്ണൻ ഒഴിഞ്ഞുമാറിയതായിരുന്നു.
ഭാര്യാ സഹോദരൻ കൂടിയായ പ്രശസ്ത വാദ്യകലാകാരൻ മായന്നൂർ രാജുവുമുണ്ട് വീട്ടിൽ. ജീവിതം മടുത്തെന്നും ആത്മഹത്യയ്ക്കു മുൻപ് ഒരിക്കൽകൂടി കാണാൻ വന്നതാണെന്നും ശിഷ്യനോട് ആശാൻ വരവിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.
ആത്മഹത്യ തീരുമാനിക്കുന്നതിനും അഞ്ചു വർഷം മുൻപാണ് ഒറ്റപ്പാലം ലക്കിടി കോണിക്കൽ കുടുംബാംഗമായ ശിവരാമൻ നായർ (73) തൃശൂർ തിരുവില്വാമലയിലെ വീടും കുടുംബവും വിട്ടുപോന്നത്. കുറച്ചുകാലം ലക്കിടിയിലെ ബന്ധുവീട്ടിൽ കഴിഞ്ഞു. അവിടവും വിട്ടു പീടികക്കോലായകളിലേക്ക് ഇറങ്ങി.
അതും കഴിഞ്ഞായിരുന്നു ജീവിതം അവസാനിപ്പിക്കാനുള്ള പുറപ്പാട്. എന്തിനാണു വീടും കുടുംബവും വിട്ടുപോന്നതെന്ന ചോദ്യത്തോട് ആശാന്റെ പ്രതികരണം ആറ്റിക്കുറുക്കിയതായിരുന്നു: ‘ഞാനിങ്ങട് പോന്നു..അത്രേന്നെ’. അതിൽക്കൂടുതൽ ചോദിക്കേണ്ടെന്നു മുഖഭാവം കനത്തു.