ചെയ്തതു തെറ്റ്, ആരോടും പറയരുത്’; കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവർ കൃത്യത്തിനു ശേഷം പെൺകുട്ടിയോട് ക്ഷമാപണം നടത്തി, പ്രതിയുടെ വാക്കുകൾ പെൺകുട്ടി റെക്കോർഡ് ചെയ്തു!

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവർ കൃത്യത്തിനു ശേഷം പെൺകുട്ടിയോട് ക്ഷമാപണം നടത്തിയെന്ന് പൊലീസ്. ചെയ്തതു തെറ്റായി പോയെന്നും ആരോടും പറയരുതെന്നും പ്രതി പെൺകുട്ടിയോട് അഭ്യർഥിച്ചു. പ്രതി ക്ഷമാപണം നടത്തിയത് പെൺകുട്ടി തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഇത് കേസ് അന്വേഷണത്തിൽ നിർണായക തെളിവാണെന്ന് എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു. അറസ്റ്റിലായ കായംകുളം സ്വദേശി നൗഫൽ കൊലക്കേസ് പ്രതിയാണ്.
പന്തളം സ്വദേശിയായ പെൺകുട്ടി അടൂരിൽ ബന്ധുവീട്ടിൽ വച്ചാണ് കോവിഡ് ബാധിതയായത്. പെൺകുട്ടിയുമായി അടൂർ ജനറൽ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അവിടെ നിന്ന് മറ്റൊരു കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തി. ഇവിടെ രണ്ടാമത്തെ സ്ത്രീയെ ഇറക്കിയ ശേഷം പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി ആംബുലൻസ് പന്തളത്തേക്ക് മടങ്ങി. ആറന്മുള വിമാനത്താവള പ്രദേശത്തിനു സമീപമാണ് പീഡനം നടന്നത്.
പിന്നീട് പെൺകുട്ടിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുൻസിൽ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെൺകുട്ടി അലറി നിലവിളിച്ചാണ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറിയത്. ഈ സമയം ആംബുൻസ് ഡ്രൈവർ വാഹനവുമായി കടന്നിരുന്നു. ഇയാളെ റോഡിലിട്ട് അടൂർ പൊലീസ് പിടികൂടുകയായിരുന്നു.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മൊഴിയെടുക്കലും വൈദ്യപരിശോധനയും പിന്നീടു നടത്തുമെന്നും എസ്പി കെ.ജി.സൈമൺ പറഞ്ഞു. നൗഫലിനെ പിരിച്ചുവിട്ടെന്നും പ്രതിയ്ക്കു കടുത്തശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.