ശ്വാസമടക്കി ജനങ്ങള്‍ നിശബ്ദരായിരുന്നു, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മിനിറ്റില്‍ 18 ശ്വാസചക്രം! കേട്ടത് കുഞ്ഞിന്റെ ഹൃദയമിടിപ്പോ? ഒരു മാസം മുമ്പ് സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കേട്ടതെന്ത്?

ബയ്‌റൂത്ത്: ബയ്‌റൂത്തില്‍ സ്‌ഫോടനം നടന്നിട്ട് ഒരു മാസം പിന്നിട്ടെങ്കിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവന്റെ തുടിപ്പ്. ചിലെയില്‍ നിന്ന് കൊണ്ടുവന്ന നായയെ ഉപയോഗിച്ചുള്ള തെരച്ചിലില്‍ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചു. പിന്നാലെ പ്രത്യേക സെന്‍സര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ശ്വാസോച്ഛാസവും ഹൃദയമിടിപ്പും തിരിച്ചറിഞ്ഞത്.
സൂക്ഷ്മമായ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിനായി ജനങ്ങളോട് നിശബ്ദമായിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മിനിറ്റില്‍ 18 ശ്വാസചക്രം ആണ് സെന്‍സറില്‍ രേഖപ്പെടുത്തിയത്. കുട്ടിയുടെ ഹൃദയമിടിപ്പാണ് ഇതെന്നാണ് കരുതുന്നത്.
ഇതോടെ വെള്ളിയാഴ്ച മുതല്‍ തെരച്ചില്‍ പുനരാരംഭിച്ചു. ഓഗസ്റ്റ് നാലിനാണ് 191 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനമുണ്ടായത്. ജീവന്റെ തുടിപ്പുമായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലുമുണ്ടോ എന്നറിയാന്‍ ത്രീഡി മാപ്പിങ് സ്‌കാനുകളും, തെരച്ചില്‍ വിദഗ്ധരായ നായകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. ജെമ്മായിസെ, മാര്‍ മിഖായേല്‍ ജില്ലകളിലാണ് സ്‌ഫോടനം ഏറ്റവും രൂക്ഷമായത്.