നിലത്തിരിക്കുന്ന നിലയില്‍ ആദിവാസി യുവതിയുടെ മൃതദേഹം; മരണം കൊലപാതകമെന്ന് കണ്ടെത്തി ; പ്രതി അറസ്റ്റില്‍

 നിലത്തിരിക്കുന്ന നിലയില്‍ ആദിവാസി യുവതിയുടെ മൃതദേഹം; മരണം കൊലപാതകമെന്ന് കണ്ടെത്തി ; പ്രതി അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതി പെരുവ ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 28 നാണ് താഴെ മന്ദംചേരി സ്വദേശിനി ശോഭയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊട്ടിയൂര്‍ താഴെ മന്ദംചേരിയിലെ ആദിവാസി പണിയ സമുദായക്കാരിയും വിധവയുമായ ശോഭ (34) യെ ഓഗസ്റ്റ് 24 മുതലാണ് കാണാതായതെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 28ന് താമസസ്ഥലത്തുനിന്നും 35 കിലോമീറ്റര്‍ അകലെയുള്ള മാലൂര്‍ തോലമ്പ്രയിലെ ആള്‍താമസമില്ലാത്ത പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം നിലത്ത് ഇരുന്ന നിലയിലാണ് കാണപ്പെട്ടത്. യുവതിയെ ഒന്നിലേറെ പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് ആദിവാസി ദലിത് മുന്നേറ്റസമിതി നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. മൃതദേഹത്തില്‍ നിന്നും സ്വര്‍ണകമ്മല്‍, മാല, വള എന്നിവ നഷ്ടപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു.