താമസം ദുബായില്‍! എസി മുറിയും എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്, തൊട്ടു മുമ്പില്‍ അംബര ചുംബിയായ ബുര്‍ജ് ഖലീഫ; പക്ഷേ എത്ര നേരം ഇങ്ങനെ വെറുതെ നോക്കിയിരിക്കും, മടുത്തെന്ന് അശ്വിന്‍

എസി റൂമില്‍ വെറുതെ ഇരുന്ന് പുറത്തേക്ക് നോക്കിയാൽ ഒരു വശത്ത് ദുബായ് തടാകം. മറുവശത്ത് അംബരചുംബിയായ ബുർജ് ഖലീഫ. പറഞ്ഞിട്ടെന്ത്, തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആറു ദിനങ്ങളാണ് ദുബായിലെ ക്വാറന്റീൻ ജീവിതമെന്ന് തുറന്നടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണിനായി എത്തിയതാണ് ഡൽഹി ക്യാപിറ്റൽസ് താരമായ അശ്വിൻ. ചട്ടപ്രകാരം ദുബായിൽ ആറു ദിവസത്തെ ക്വാറന്റീന്‍ കാലയളവും പൂർത്തിയാക്കി. ഇതിനു പിന്നാലെയാണ് ആ ആറു ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നുവെന്ന അശ്വിന്റെ തുറന്നുപറച്ചിൽ.
ഡൽഹി ക്യാപിറ്റൽസിന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ക്വാറന്റീന്‍ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അശ്വിൻ വിവരിച്ചത്.
‘കഴിഞ്ഞ 5–6 മാസമായി ഞാൻ വീട്ടിൽ ഒതുങ്ങിക്കൂടേണ്ടി വന്നു എന്നത് സത്യമാണ്. പക്ഷേ, അപ്പോഴും എനിക്കു ചുറ്റും എപ്പോലും ആളുകളുണ്ടായിരുന്നു. അവിടെ എന്റെ തന്നെ പുതിയ യൂട്യൂബ് ചാനലിന്റെ ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അന്ന് ഇൻസ്റ്റഗ്രാം ലൈവിൽ ഉൾപ്പെടെ സജീവമായിരുന്നു. പക്ഷേ, ഇവിടെയെത്തിയ ശേഷമുള്ള ആ ആറു ദിവസങ്ങൾ, എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം ദിനങ്ങളെന്ന് പറയാതെ വയ്യ’ – അശ്വിൻ വിശദീകരിച്ചു.
‘ക്വാറന്റീനിലെ ആദ്യ ദിവസം പുറത്തേക്കു നോക്കിയ ഞാൻ കണ്ടത് ദുബായ് തടാകമാണ്. ഇപ്പുറത്തു നോക്കിയാലോ, ബുർജ് ഖലീഫയും. ഇത് സുന്ദരമായ കാഴ്ചയൊക്കെത്തന്നെ. പക്ഷേ, എത്രനേരം ഇതും നോക്കിയിരിക്കും? മാത്രമല്ല, ഇവിടുത്തെ അസഹനീയമായ ചൂടും’ – അശ്വിൻ പറഞ്ഞു.
ദുബായിലെ ക്വാറന്റീൻ കാലയളവിലെ ജീവിതം സഹിക്കാനാകാതെ പോയതോടെ, പതിവിനു വിപരീതമായി സമ്പൂർണമായും മൊബൈൽ ഫോണിലേക്ക് ജീവിതം തന്നെ ചുരുങ്ങിയതായും അശ്വിൻ വെളിപ്പെടുത്തി. സാധാരണ ഗതിയിൽ ഞാൻ മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിക്കാറില്ല. രണ്ട് രണ്ടര മണിക്കൂർ നോക്കിയാലായി.
പക്ഷേ, ക്വാറന്റീനിൽ പ്രവേശിച്ചതോടെ എന്റെ പ്രതിദിന മൊബൈൽ ഉപയോഗം ആറു മണിക്കൂറിനു മുകളിലേക്ക് ഉയർന്നു. ആകെ രോഗം ബാധിച്ച് ക്ഷീണിച്ച അവസ്ഥയിലായിരുന്നു. പുസ്തകം വായിക്കാൻ പോലും കഴിയാത്ത സ്ഥിതി. എന്തായാലും ആറു ദിവസം പൂർത്തിയായി. ഭാഗ്യംകൊണ്ട് ആർക്കും കോവിഡ് ബാധിച്ചുമില്ല’ – അശ്വിൻ പറഞ്ഞു.