ആദ്യ ഇന്‍ക്വസ്റ്റില്‍ കാണാതിരുന്നത് സിബിഐ പരിശോധിച്ചപ്പോള്‍ കണ്ടു; മത്തായിയുടെ കൈമുട്ടിന് താഴെ പൊട്ടല്‍, തലയുടെ പിന്‍ഭാഗത്ത് മുറിവ്; പൊലീസ് കാണാത്തത് സിബിഐ കാണുമ്പോള്‍.!

പത്തനംതിട്ട : വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി പി മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. റീ പോസ്റ്റുമോര്‍ട്ടത്തിനുമുമ്പ് സിബിഐയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റിലാണ് മൃതദേഹത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തുന്നത്. കൈമുട്ടിന് താഴെ പൊട്ടലുണ്ട്. തലയുടെ പിന്‍ഭാഗത്തും മുറിവുണ്ട്. ദേഹത്ത് പരുക്കനായ പ്രതലത്തില്‍ ഉരഞ്ഞതുപോലുള്ള പാടുകളുമുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ഓട്ടോപ്സി തിയറ്ററിൽ മുതിർന്ന ഡോക്ടർമാരുടെ സംഘത്തിന്റെ പോസ്റ്റുമോർട്ടത്തിന് മുമ്പായി നടത്തിയ മൃതദേഹ പരിശോധനയിലാണ് കൂടുതൽ മുറിവുകൾ കണ്ടെത്തിയത്.
ആദ്യ ഇൻക്വസ്റ്റിൽ രേഖപ്പെടുത്താത്ത നിരവധി പരിക്കുകൾ കണ്ടെത്തിയതായാണ് സൂചന. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രണ്ടാം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പാനലിനെ തന്നെയാണ് റീ പോസ്റ്റുമോർട്ടത്തിനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുതിർന്ന ഡോക്ടർമാരാണ് പാനലിലുള്ളത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, അസിസ്റ്റന്റ് കലക്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്മോർട്ടം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ മോർച്ചറിയിലേക്ക് മാറ്റും. നാളെ രാവിലെ വിലാപ യാത്രയായി ജന്മദേശമായ കുടപ്പനക്കുളത്ത് എത്തിക്കും. ഉച്ചയ്ക്കു 3ന് കുടപ്പന ക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.
ജൂലൈ 28നാണ് വനം വകുപ്പിന്റെ കസ്റ്റഡിയിലായിരുന്ന മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലാണ് മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്. മുങ്ങി മരണമാണെന്നും ശരീരത്തിലെ ക്ഷതങ്ങൾ വീഴ്ചയിൽ ഉണ്ടായതാണെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.