മൊറട്ടോറിയത്തില്‍ വീണ്ടും കോടതിയുടെ ചോദ്യം: കേന്ദ്രം നിലപാട് പറയാത്തതെന്ത് ?

 മൊറട്ടോറിയത്തില്‍ വീണ്ടും കോടതിയുടെ ചോദ്യം: കേന്ദ്രം നിലപാട് പറയാത്തതെന്ത് ?

ഡൽഹി : കഴിഞ്ഞ മാസം 31 വരെ കിട്ടാക്കടമാകാത്ത ബാങ്ക് വായ്പകൾ ഇനി ഉത്തരവുണ്ടാകും വരെ ആ ഗണത്തിൽപ്പെടുത്തരുതെന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മൊറട്ടോറിയം കാലത്ത് വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികളിൽ അടുത്ത വ്യാഴാഴ്ച വാദം തുടരും.

മൊറട്ടോറിയം കാലത്തും കൂട്ടുപലിശ എന്നത് അംഗീകരിക്കാനാവില്ലെന്നും റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൂടിയാലോചിക്കേണ്ടതുണ്ടെന്ന് ഇരുകക്ഷികൾക്കുംവേണ്ടി സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത പറഞ്ഞു. തുടർന്നാണ് കേസ് മാറ്റിയത്.

റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതി വിവിധ വ്യവസായ മേഖലകളിലെ വായ്പകൾ പുനഃക്രമീകരിക്കാനുള്ള മാനദണ്ഡങ്ങൾ ഈ മാസം 6നു പ്രഖ്യാപിക്കുമെന്ന് എസ്ജി അറിയിച്ചു. കെ.വി.കാമത്ത് അധ്യക്ഷനായ സമിതിയെ റിസർവ് ബാങ്ക് കഴിഞ്ഞ 6നു പ്രഖ്യാപിച്ചതാണ്. വ്യക്തികളുടെ വായ്പകൾ പുനഃക്രമീകരിക്കാനുള്ള വ്യവസ്ഥകളും അന്നു നിർദേശിച്ചിരുന്നു.

കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടെയും കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രം തയാറാകാത്തതിനെ സുപ്രീം കോടതി ഇന്നലെയും പരോക്ഷമായി വിമർശിച്ചു.

ഇക്കാര്യത്തിൽ ബാങ്കുകൾക്കു പൂർണ അധികാരമുണ്ടെന്നു സോളിസിറ്റർ ജനറൽ പ്രതികരിച്ചപ്പോൾ എല്ലാ കാര്യങ്ങളും ബാങ്കുകളെ ഏൽപിക്കാനാവില്ലെന്നും കേന്ദ്രവും റിസർവ് ബാങ്കും തീരുമാനങ്ങളെടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.