ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും കേസ് തലയില്‍വച്ചു തരും, യോഗിയെ വിശ്വാസമില്ലെന്ന് കഫീല്‍; രാജസ്ഥാനിലേക്ക് താമസം മാറ്റി

 ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും കേസ് തലയില്‍വച്ചു തരും, യോഗിയെ വിശ്വാസമില്ലെന്ന് കഫീല്‍; രാജസ്ഥാനിലേക്ക് താമസം മാറ്റി

ജയ്പുർ:  ഡോ. കഫീൽ ഖാൻ രാജസ്ഥാനിലേക്ക് താമസം മാറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനൽകിയതിനെ തുടർന്നാണ് ജയ്പുരിലേക്ക് താമസം മാറ്റിയതെന്ന് കഫീൽ ഖാൻ പറഞ്ഞു. ഉത്തർപ്രദേശില്‍ ഇനിയും തുടർന്നാൽ യോഗി സർക്കാര്‍ തനിക്കെതിരെ വീണ്ടും മറ്റൊരുകേസ് വ്യാജമായി സൃഷ്ടിച്ച് ജയിലിൽ അടയ്ക്കുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു.

തന്റെ അമ്മയോടും ഭാര്യയോടും സംസാരിച്ച പ്രിയങ്കാജി ജയ്പുരിൽ സുരക്ഷ നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. യുപി സർക്കാർ വീണ്ടും എന്തെങ്കിലും കേസുകൾ തനിക്കെതിരെ ചുമത്തിയേക്കും. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരായതിനാൽ സുരക്ഷിതരാണെന്ന് തോന്നുന്നുണ്ട്. കഴിഞ്ഞ ഏഴര മാസത്തോളം ഒട്ടേറെ മാനസിക – ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ഖാൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുമെന്ന് ബിആർഡി മെഡിക്കല്‍ കോളജിലെ ശിശുരോഗവിദഗ്ധനായ കഫീൽ ഖാന്‍ പറയുന്നു.

സസ്പെൻഷൻ പിൻവലിച്ച് ജോലിക്കു കയറിയാൽ മാത്രമേ എനിക്ക് കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഭാഗമാകാൻ സാധിക്കൂ. വാക്സീൻ ഗവേഷകപരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.