പ്രിയപ്പെട്ടവരുടെ ശബ്ദമോ ഇഷ്ടപ്പെട്ട സംഗീതമോ മരണത്തിലേക്ക് പോകുന്ന അവസാന നിമിഷത്തിലും നമുക്ക് ആസ്വദിക്കാനാകും ! മരണത്തിന് തൊട്ട് മുൻപ് അബോധാവസ്ഥയിലെത്തുന്ന സമയത്ത് പോലും കേള്‍വി സജീവമായിരിക്കുമെന്ന് കണ്ടെത്തല്‍

മരണത്തിലേക്ക് നീങ്ങുന്ന നിമിഷങ്ങളിലും നമുക്ക് ചുറ്റുമുള്ള ശബ്ദം കേള്‍ക്കാനാകുമെന്ന് ഗവേഷകര്‍. മരണത്തിന് തൊട്ട് മുൻപ് അബോധാവസ്ഥയിലെത്തുന്ന സമയത്ത് പോലും കേള്‍വി സജീവമായിരിക്കുമെന്നാണ് കണ്ടെത്തല്‍. ബ്രിട്ടിഷ് കൊളംബിയ സര്‍വ്വകലശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.
മരണത്തിന് തൊട്ട് മുൻപ് അബോധാവസ്ഥയിലായവരില്‍ നടത്തിയ പഠനങ്ങളാണ് പുതിയ കണ്ടെത്തലുകളിലേക്ക് നയിച്ചിരിക്കുന്നത്. 64 ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് തലച്ചോറിലെ വൈദ്യുത ചലനങ്ങളെ രേഖപ്പെടുത്തിയാണ് ഗവേഷകര്‍ തെളിവ് കണ്ടെത്തിയത്. ആരോഗ്യവാന്മാരായായ ചെറുപ്പക്കാരിലും ആശുപത്രികളില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞവരേയുമാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയത്.
വിവിധ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന സിഗ്നലുകളുടെ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുകയായിരുന്നു അദ്യ പടി. പിന്നീട് ബോധാവസ്ഥയിലും അബോധാവസ്ഥയിലും കിടക്കുന്നവരെ ഇതേ ശബ്ദങ്ങള്‍ തന്നെ കേള്‍പ്പിച്ചു. അബോധാവസ്ഥയില്‍ കിടക്കുന്നവരുടെ പോലും തലച്ചോറില്‍ സമാനമായ സിഗ്നലുകളുണ്ടായി.
പ്രിയപ്പെട്ടവരുടെ ശബ്ദമോ ഇഷ്ടപ്പെട്ട സംഗീതമോ മരണത്തിലേക്ക് പോകുന്ന അവസാന നിമിഷത്തില്‍പോലും നമുക്ക് ആസ്വദിക്കാനാകുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് ബ്ലണ്ടന്‍ പറയുന്നത്. സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ചിലരുടെ ജീവിതത്തെക്കുറിച്ചും ഗവേഷണഫലത്തില്‍ വിവരിക്കുന്നുണ്ട്.
ഇയാന്‍ ജോര്‍ദന്‍ എന്ന ബ്രിട്ടിഷ് കൊളംബിയയിലെ പൊലീസുകാരന്‍ ഏതാണ്ട് 30 വര്‍ഷത്തോളമാണ് അബോധാവസ്ഥയില്‍ കിടന്നത്. 1987 സെപ്റ്റംബര്‍ 22നുണ്ടായ ഒരു വാഹനാപകടമായിരുന്നു കാരണം. ജീവിതപങ്കാളി ഹിലാരി ജോര്‍ദനായിരുന്നു ഇക്കാലമത്രയും അദ്ദേഹത്തെ പരിചരിച്ചത്. ഒടുവില്‍ അദ്ദേഹത്തിന്റെ മരണം ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാണെന്ന രീതിയില്‍ ഹിലാരി പറഞ്ഞതിന് പിന്നാലെയായിരുന്നു ഇയാന്‍ ജോര്‍ദന്‍ വിടപറഞ്ഞത്. ഇക്കാര്യം ഹിലാരി പിന്നീട് കനേഡിയന്‍ പ്രസ് ന്യൂസ് ഏജന്‍സിയോട് പറയുകയായിരുന്നു.
അബോധാവസ്ഥയിലായിരിക്കുമ്പോഴും കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ തെളിവായി മറ്റൊരു അനുഭവവും പഠനം നിരത്തുന്നുണ്ട്. അപൂര്‍വ്വരോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ജെന്നി ബോന്‍ എന്ന യുവതിയുടെ അനുഭവമാണിത്.
ഗില്ലിയന്‍ ബാരെ സിന്‍ഡ്രോം എന്ന അസുഖത്തെ തുടര്‍ന്നാണ് ജെന്നി 2015ലാണ് അബോധാവസ്ഥയിലായത്. ജെന്നിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് അവരുടെ ജീവിതപങ്കാളിയുമായി ഡോക്ടര്‍മാര്‍ സംസാരിച്ചിരുന്നു. എന്നാല്‍ ജെന്നി ബോണിന്റെ ഭര്‍ത്താവ് ഇത് തള്ളിക്കളയുകയായിരുന്നു. ഡോക്ടര്‍ ഇക്കാര്യം പറയുന്നത് തനിക്ക് ഓര്‍മയുണ്ടെന്നാണ് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശേഷം ജെന്നി ബോണ്‍ പറഞ്ഞത്.