12 കോടി വെറുതെ കളയേണ്ടി വരും ! വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് റെയ്‌നയെ പുറത്താക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

 12 കോടി വെറുതെ കളയേണ്ടി വരും ! വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് റെയ്‌നയെ പുറത്താക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന ടീമില്‍ തിരികെ എത്തുന്നതിന്റെ സാധ്യത തേടിയതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍, ക്യാപ്റ്റന്‍ ധോനി, പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുമായി റെയ്‌ന ബന്ധപ്പെട്ടതായാണ് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐപിഎല്‍ ഉപേക്ഷിച്ച് ടീം വിട്ടതിന് പിന്നാലെ റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരികെ എത്തുന്നത് സംബന്ധിച്ച റെയ്‌നയുടെ ആവശ്യത്തോട് ടീം മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

12.5 കോടി രൂപ ആരെങ്കിലും വെറുതെ വേണ്ടെന്ന് വെക്കുമോ എന്ന് കഴിഞ്ഞ ദിവസം ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന ചോദിച്ചിരുന്നു. എന്നാല്‍ റെയ്‌നയുടെ മടങ്ങി വരവിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ അനുകൂലമായല്ല ടീം ഉടമ എന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.

ഞങ്ങള്‍ ആ ടീമിന്റെ ഉടമസ്ഥരാണ്. ആ കമ്പനിയുടെ ഉടമസ്ഥരാണ് ഞങ്ങള്‍. പക്ഷേ കളിക്കാരുടെ ഉടമസ്ഥരല്ല. ടീം ഞങ്ങളുടേതാണ് എങ്കിലും കളിക്കാര്‍ ഞങ്ങളുടേതല്ല. ഒരു കളിക്കാരനും എന്റെ സ്വന്തമല്ലെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ടീം ഉടമ എന്‍ ശ്രീനിവാസന്‍ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ ധോനിയുടെ നിലപാട് റെയ്‌നയുടെ സീസണിലെ തിരിച്ചു വരവില്‍ നിര്‍ണായകമാവും. കുടുംബത്തിനൊപ്പം പ്രതിസന്ധി ഘട്ടത്തില്‍ ചേരുന്നതിന് വേണ്ടിയാണ് ഐപിഎല്‍ ഉപേക്ഷിച്ച് വന്നത് എന്നാണ് റെയ്‌നയുടെ വിശദീകരണം.