ഓഗസ്റ്റ് 19, ആകാശത്തുനിന്നും പണം പൊഴിഞ്ഞ ദിവസം ! ഇരുന്നൂറിലധികം കഷണങ്ങളായി ചിന്നിച്ചിതറി ഭൂമിയില്‍ വീണത് കോടാനുകോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഉല്‍ക്ക !

ബ്രസീലിലെ സാന്റ ഫിലോമിന എന്ന നഗരത്തിലുളളവർ ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 എന്ന തീയതിയെ വിശേഷിപ്പിക്കുന്നത് ആകാശത്തുനിന്നും പണം പൊഴിഞ്ഞ ദിവസം എന്നാണ്. നോട്ടുകെട്ടുകൾ ആകാശത്തു നിന്നും പൊഴിഞ്ഞതാണെന്നു കരുതിയെങ്കിൽ തെറ്റി. കോടാനുകോടി കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ഉൽക്കയാണ് ഇരുന്നൂറിലധികം കഷണങ്ങളായി ചിന്നിച്ചിതറിയ അവസ്ഥയിൽ ബ്രസീലിലെ മണ്ണിൽ പതിഞ്ഞത്.
4.6 ബില്യൻ വർഷങ്ങൾ പഴക്കം ചെന്ന ഉൽക്കാശിലകളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് ഭൂമി ഉണ്ടാകുന്നതിന് മുൻപ് സൗരയൂഥം രൂപം കൊണ്ട ആദ്യകാലങ്ങളിലുള്ളതാണ് ഉൽക്ക. ഉൽക്കയുടെ ഇരുന്നൂറിലധികം ഭാഗങ്ങളാണ് മഴ പോലെ താഴേക്കു പൊഴിഞ്ഞു വീണത്. അതിലെ ഏറ്റവും വലിയ ഭാഗത്തിന് 40 കിലോഗ്രാമായിരുന്നു തൂക്കം.
ആ ഒരു ഭാഗത്തിന് മാത്രം 19 ലക്ഷത്തിലധികം രൂപ വില വരുമെന്നാണ് കണക്ക്. അതായത് ആ പ്രദേശങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് 10 വർഷം കൊണ്ട് ലഭിക്കാവുന്ന ശരാശരി ശമ്പളത്തിന് തുല്യമായ തുകയാണ് ഉൽക്കയുടെ ഒരൊറ്റ ഭാഗത്തിനു മാത്രമുള്ള വില.
പ്രദേശവാസികൾ ഇപ്പോൾ ഉൽക്കയെ വിശേഷിപ്പിക്കുന്നത് അദ്ഭുതമെന്നാണ്. കാലപ്പഴക്കം കൊണ്ട് ഇത്രയും അപൂർവമായ ഉൽക്കകൾ ഒരു ശതമാനം മാത്രമാണുണ്ടാവുക എന്നാണ് കണ്ടെത്തലുകൾ.
കാലപ്പഴക്കം കണക്കാക്കുമ്പോൾ സൗരയൂഥത്തിൽ ആദ്യം രൂപീകൃതമായ ധാതുക്കളെ കുറിച്ചുള്ള വിവരങ്ങൾ ഉൽക്കയെ കുറിച്ചുള്ള പഠനത്തിൽ നിന്നും ലഭിക്കുമെന്നും ഇതിലൂടെ പ്രപഞ്ചത്തിന്റെ ഉൽപത്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ഈ പ്രത്യേകതകൾ കൊണ്ട് ഉൽക്കയുടെ ചെറിയ ഭാഗങ്ങൾക്കടക്കം പതിനായിരക്കണക്കിന് ഡോളറുകൾ വില ലഭിച്ചേക്കും.
2.8 കിലോഗ്രാം ഭാരമുള്ള ഒരു ഭാഗത്തിന് ബ്രസീലിലെ നാഷണൽ മ്യൂസിയം 14 ലക്ഷം രൂപ വില നൽകാൻ ധാരണയായതായാണ് വിവരം. ഉൽക്കയെ പറ്റിയുള്ള വാർത്ത പുറത്തു വന്നതോടെ നിരവധി ആളുകളാണ് അതിന്റെ ഭാഗങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശത്തേക്കെത്തിയത്.
ഉൽക്കയെ കുറിച്ച് പഠനം നടത്തുന്നതിനായി നാഷണൽ മ്യൂസിയത്തിൽ നിന്നും ശാസ്ത്രജ്ഞർ എത്തിയപ്പോഴേക്കും പ്രദേശത്തുള്ള ഒരേയൊരു ഹോട്ടലിൽ ഒരു മുറി പോലും ഒഴിവില്ലെന്ന അവസ്ഥയിലായിരുന്നു. തങ്ങൾക്ക് ലഭിച്ച ഉൽക്കയുടെ ഭാഗങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളും ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.