കാറില്‍ കയറിയാല്‍ മാസ്‌ക് ഊരാമെന്ന് കരുതേണ്ട!; യാത്രയ്ക്ക് മുന്‍പ് സെല്‍ഫി വേണം !

ലോകമെങ്ങും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ കനത്ത പിഴ അടക്കേണ്ടി വരും. യൂബര്‍ ടാക്‌സികളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് യൂബര്‍. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ടാക്‌സി വിളിച്ച ആള്‍ മുഖാവരണം ധരിച്ച് കൊണ്ടുളള സെല്‍ഫി പങ്കുവെയ്ക്കണമെന്ന് യൂബറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി പ്രത്യേക ഫീച്ചറാണ് യൂബര്‍ അവതരിപ്പിച്ചത്.
നേരത്തെ ഡ്രൈവര്‍മാര്‍ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുന്‍പ് മുഖാവരണം ധരിച്ചതായി ഉറപ്പാക്കാന്‍ സെല്‍ഫി അയച്ചു കൊടുക്കാന്‍ തന്നെയായിരുന്നു ഡ്രൈവര്‍മാരോട് യൂബര്‍ നിര്‍ദേശിച്ചത്.
ക്യാബില്‍ കയറി കഴിഞ്ഞാല്‍ മാസ്‌ക് ഊരി മാറ്റുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി. പരസ്പരമുളള പെരുമാറ്റം സുഖകരമല്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കാന്‍ യാത്രക്കാരനും ഡ്രൈവര്‍ക്കും അനുമതി നല്‍കുന്നതാണ് മാര്‍ഗനിര്‍ദേശത്തിലെ മറ്റൊരു സുപ്രധാന കാര്യം. ഇതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശം യൂബര്‍ പുറത്തിറക്കിയത്.യാത്രക്കാരന്റെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. യാത്രയ്ക്ക് തൊട്ടുമുന്‍പ് മാസ്‌ക് ധരിച്ച് കൊണ്ടുളള സെല്‍ഫി പങ്കുവെയ്ക്കണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ ഡ്രൈവര്‍ പരാതിപ്പെട്ടാല്‍, അടുത്ത യാത്രയില്‍ സെല്‍ഫി അയച്ചുകൊടുക്കാന്‍ കമ്പനി യാത്രക്കാരനോട് ആവശ്യപ്പടും.