ഇനിമുതൽ ബ്രസീലിലെ പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം, ഇനി എല്ലാവരും നെയ്മറിന് തുല്യം!

റിയോ ഡി ജനീറോ: പുരുഷ, വനിതാ ഫുട്ബോൾ താരങ്ങൾക്കിടയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന വേർതിരിവ് നീക്കി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷന്റെ ചരിത്ര തീരുമാനം. പുരുഷ താരങ്ങൾക്കു നൽകുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും നൽകുമെന്നാണ് കോണ്‍ഫെഡറേഷന്റെ പ്രഖ്യാപനം. ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെയാണ് പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം നൽകാൻ ബ്രസീലും മുന്നോട്ടുവരുന്നത്.
‘പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കുമുള്ള പ്രൈസ് മണിയും അലവൻസുകളും തുല്യമാക്കിയിട്ടുണ്ട്. അതായത് ഇനിമുതൽ ബ്രസീലിലെ പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം ലഭിക്കും’ – ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) പ്രസിഡന്റ് റൊജേരിയോ കബോക്ലോ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ മാർച്ചിൽത്തന്നെ ദേശീയ വനിതാ ടീം മാനേജരെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര വനിതാ ഫുട്ബോളിൽ നിലവിൽ എട്ടാം റാങ്കിലാണ് ബ്രസീൽ വനിതകൾ. യുഎസ്, ജർമനി, ഫ്രാൻസ്, ഹോളണ്ട്, സ്വീഡൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ ഏഴു വരെ സ്ഥാനങ്ങളിൽ.