11 ദിവസം മാത്രമാണ് ക്വാറന്റീനിൽ കഴിഞ്ഞതെങ്കിലും അത് ജയിൽവാസത്തിനു തുല്യമായിരുന്നു; റെയ്നയുടെ വിഷമം തനിക്കു മനസ്സിലാകുമെന്ന് മുൻ ഹോക്കി താരം അശോക് ദിവാൻ

ബയോ സെക്യുർ ബബ്ളിനുള്ളിലെ കടുത്ത നിയന്ത്രണങ്ങളും ശ്വാസം മുട്ടിക്കുന്ന ക്വാറന്റീൻ കാലയളവുമാണ് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയുടെ നാട്ടിലേക്കുള്ള മടക്കത്തിനു കാരണമെങ്കിൽ ആ വിഷമം തനിക്കു മനസ്സിലാകുമെന്ന് ഇന്ത്യയുടെ മുൻ ഹോക്കി താരം അശോക് ദിവാൻ.
ലോക്ഡൗൺ കാലത്ത് യുഎസിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തി ഡൽഹിയിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അശോക് ദിവാന്റെ പ്രതികരണം. 1975ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായിരുന്നു ഇപ്പോൾ 66 വയസ്സുള്ള ദിവാൻ.
11 ദിവസം മാത്രമാണ് ക്വാറന്റീനിൽ കഴിഞ്ഞതെങ്കിലും അത് ജയിൽവാസത്തിനു തുല്യമായിരുന്നുവെന്ന് ദിവാൻ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ദിവാൻ യുഎസിൽനിന്ന് തിരിച്ചെത്തിയത്. യുഎസിലുള്ള മകന്റെ അടുത്തേക്കു പോയ ദിവാൻ, പിന്നീട് കോവിഡ് വ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു.
‘ക്വാറന്റീൻ കാലയളവിലെ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങളാണ് റെയ്നയുടെ തിരിച്ചുവരവിനു കാരണമെങ്കിൽ ആ വിഷമം എനിക്ക് മനസ്സിലാകും. എനിക്കും അതേ അനുഭവം ഉണ്ടായിട്ടുണ്ട്. ആ മുറിക്കുള്ളിൽ സമയം കളയുകയെന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വിഷമം പിടിച്ച കാര്യമായിരുന്നു. എന്റെ ഹോട്ടൽ റൂമിന്റെ ജനാലകൾ തുറക്കാനാകുമായിരുന്നില്ല. എസി മുറിയായിരുന്നെങ്കിലും ബാൽക്കണിയുമുണ്ടായിരുന്നില്ല. ശുദ്ധവായു കിട്ടാൻ കൊതിച്ചുപോയി. ജയിലിനു തുല്യമായിരുന്നു അവിടുത്തെ താമസം’ – ദിവാൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
‘ഭക്ഷണം ഓരോ തവണയും വാതിലിനു പുറത്ത് കൊണ്ടുവയ്ക്കും. ഭക്ഷണമെത്തിച്ച കാര്യം എന്നെ അറിയിക്കാൻ വാതിലിനു വെളിയിൽനിന്ന് ബെല്ലടിക്കും. എന്നിട്ട് മടങ്ങിപ്പോകും. ആരും റൂമിനുള്ളിലേക്ക് വരില്ല. ആ 11 ദിവസം കടുത്ത ഏകാന്തതയിൽ എങ്ങനെയാണ് ചെലവഴിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു അത്. ക്വാറന്റീൻ പൂർത്തിയാക്കി പുറത്തുവന്നപ്പോൾ ജയിൽനിന്ന് പുറത്തിറങ്ങിയതു പോലെയാണ് തോന്നിയത്’ – അശോക് ദിവാൻ വിവരിച്ചു.