ഒറ്റവെട്ടില്‍ തന്നെ ഹൃദയം പിളര്‍ന്ന ആക്രമണം, എല്ലാം അവരുടെ അറിവോടെ; കൊല്ലപ്പെട്ടവര്‍ കൈവശം വാള്‍ സൂക്ഷിച്ചത് സ്വയ രക്ഷയ്ക്ക് !

തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് സിപിഎം. ആസൂത്രിതമായ കൊലപാതകമാണെന്നും, ഇതിന്റെ പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കയ്യില്‍ വാളുണ്ടായിരുന്നത് സ്വയം രക്ഷയ്ക്ക് വേണ്ടി കരുതിയതാകാമെന്നും ആനാവൂര്‍ നാഗപ്പന്‍ വിശദീകരിച്ചു.
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊല വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. ആകസ്മികമായി നടന്നതല്ല. രണ്ട് സ്ഥലത്തുവെച്ചാണ് ഗൂഡാലോചന നടന്നത്. ഒരു വീട്ടിലും ഒരു ഫാം ഹൗസിലും വെച്ചാണ് ഗൂഢാലോചന നടന്നത്. ഒറ്റവെട്ടില്‍ തന്നെ ഹൃദയം പിളര്‍ന്നുപോയി എന്നത് ആസൂത്രിതമായ ആക്രമണമാണ് എന്ന് തെളിയിക്കുന്നു.
കേസില്‍ വാഹനത്തില്‍ കടക്കവെ അറസ്റ്റിലായ രണ്ട് ആളുകള്‍ അടൂര്‍ പ്രകാശിന്റെ അടുത്തേക്ക് പോയവരാണ്. കോന്നിയില്‍ ഒളിവില്‍ പോകാന്‍ വേണ്ടിയുള്ള യാത്രയിലാണ് മുഖ്യപ്രതിയായ സജീവ്, സനല്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. വണ്ടിയില്‍ നിന്നും 13,000 രൂപ കണ്ടെടുത്തു. ഈ പണം സ്വര്‍ണം പണയം വെച്ചതാണെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതും ആക്രമണം ആസൂത്രണം ചെയ്തതാണെന്നതിന്റെ തെളിവാണ്.
ഗൂഡാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക്, വിശിഷ്യാ എംപി അടൂര്‍ പ്രകാശിന് വ്യക്തമായ പങ്കുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് കള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തേമ്പാമൂട് നേരത്തെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. പിന്നീട് യുവതലമുറയില്‍പ്പെട്ടവര്‍ സിപിഎമ്മിലേക്ക് വന്നതോടെ, കോണ്‍ഗ്രസുകാര്‍ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് എംപി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഈ കേസിലെ പ്രതികള്‍ തന്നെയാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലും പ്രതികളെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മരിച്ച രണ്ടുപേരും ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ഇവരുടെ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.
റഹിം നാട്ടില്‍ നടന്ന കാര്യമായതുകൊണ്ട്, മാധ്യമങ്ങള്‍ ചോദിച്ചാല്‍ പറയുന്നതിന് വേണ്ടിയാണ് പൊലീസ് സ്റ്റേഷനിലെത്തി ഷഹീനോട് ചോദിച്ചത്. ക്ലാസ്സെടുക്കാനാണെങ്കില്‍ ഒളിച്ചുനിര്‍ത്തിയല്ലേ വേണ്ടതെന്നും ആനാവൂര്‍ നാഗപ്പന്‍ ചോദിച്ചു. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ പൂര്‍ണ സംരക്ഷണം പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും ഏറ്റെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.