ഇന്ന് മുഖ്യമന്ത്രിയ്ക്ക് രാജിവെക്കാന്‍ നല്ല ദിവസം; കാരണം പറയുന്നില്ല, കാത്തിരുന്ന് കാണാം !

 ഇന്ന് മുഖ്യമന്ത്രിയ്ക്ക് രാജിവെക്കാന്‍ നല്ല ദിവസം;  കാരണം പറയുന്നില്ല, കാത്തിരുന്ന് കാണാം !

കോഴിക്കോട്: രാഷ്ട്രീയത്തില്‍ അല്‍പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് രാജിവെക്കാന്‍ പറ്റിയ നല്ല ദിവസമാണിന്ന് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കള്ളക്കടത്ത് കേസിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ എകെജി സെന്ററിനും ബന്ധമുണ്ടെന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകള്ളന്‍മാരുടെ താവളമായി മാറി.

സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് രാജ്യത്തെ തീവ്രവാദസംഘടനകളുമായും അന്താരാഷ്ട്രമയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെല്ലാമായി ബന്ധമുള്ളതുകൊണ്ടാണ് അന്വേഷണം എന്‍ഐഎയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വിട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്രമയക്കുമരുന്ന് സംഘത്തിലെ സുപ്രധാനകണ്ണിയെ നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തു. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സിനിമാ, രാഷ്ട്രീയമേഖലയലെ ഉന്നതബന്ധം പുറത്തുവന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അനൂപിന്റെ ബിനാമി മാത്രമാണ്.

ഹോട്ടല്‍ തുടങ്ങാന്‍ മാത്രമാണ് പണം നല്‍കിയതെന്ന ബിനീഷിന്റെ വാദം അവിശ്വനീയമാണ്. എന്തുകൊണ്ടാണ് ബിനീഷിന്റെ ഇടപെടലിനെതിരെ പാര്‍ട്ടി മിണ്ടാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. സ്വപ്‌ന അറസ്റ്റിലായ ദിവസം അനൂപിനെ ബിനീഷ് നിരവധി തവണ ബന്ധപ്പെട്ടിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്തബന്ധമാണ് അനൂപിനുള്ളത്. പ്രതികളെ ഒളിപ്പിക്കാന്‍ എകെജി സെന്റര്‍ സഹായിച്ചു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.